
കൊല്ലം: ചിന്നക്കട പുള്ളിക്കട കോളനി കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പന നടത്തിയിരുന്ന മധ്യവയസ്ക എക്സൈസ് സംഘത്തിന്റെ പിടിയിലായി. പുള്ളിക്കട കോളനി പുതുവൽ പുരയിടം, വിനീത ഭവനിൽ മാലതി(58) ആണ് പിടിയിലായത്. വർഷങ്ങളായി മാലതി കോളനി കേന്ദ്രീകരിച്ച് മദ്യവിൽപന നടത്തി വരികയായിരുന്നു. ആഡംബര ജീവിതമാണ് ഇവർ നയിച്ചിരുന്നത്. ഇവരുടെ സഹായികളായ ചിലർ കോളനിയിൽ താമസിക്കുന്നുണ്ട്. ഇവരുടെ വീടുകളിലെ രഹസ്യ കേന്ദ്രത്തിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. മദ്യവില്പനയ്ക്കായി മാലതിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മദ്യ കച്ചവടം നടത്തിയതിന് ഇതിനും മുമ്പും മാലതിക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ മനോജ് ലാലിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മനു, ജൂലിയറ്റ്, അനിൽ, അജിത്, ഗോപൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.