 
കൊട്ടാരക്കര: ഉഗ്രൻകുന്ന് മാലിന്യ സംസ്കരണ പ്ളാന്റിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് നാലുമണിയോടെ പ്ളാന്റിന് സമീപത്തുള്ള കുറ്റിക്കാടിന് തീപടരുകയായിരുന്നു. പ്ളാന്റിലെ മാലിന്യം തീയിടുന്നതിനിടയിൽ സമീപ പ്രദേശങ്ങളിലേക്ക് പടർന്നതാകാം എന്നു കരുതുന്നു. പ്ളാന്റിന് ചുറ്റും റബർ തോട്ടങ്ങളാണ്. അവിടെ ഉണങ്ങിക്കിടക്കുന്ന റബറിലകളിലും ഉണങ്ങി നിന്ന കുറ്റിക്കാടിലും എത്തിയ തീനാളങ്ങൾ വളരെവേഗം അര കിലോമീറ്റർ ദൂരെവരെ നീണ്ടു. കുടിവെള്ള ക്ഷാമം രൂക്ഷമായ ഉഗ്രൻകുന്നിൽ ആളുകൾ വെള്ളമൊഴിച്ച് തീ കെടുത്താൻ കഴിയാത്തതിനാൽ ചാക്കും മറ്റും ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു. ഉടൻ തന്നെ ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റുകളെത്തി തീ നിയന്ത്രിക്കുകയായിരുന്നു.