 
ചാത്തന്നൂർ: പോളച്ചിറ ഏലായിൽ വലയിൽ കുരുങ്ങിയ ചെറുമീനുകൾ ചത്തുപൊങ്ങി. അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചലിലാണ് ചത്ത മത്സ്യങ്ങളെ കണ്ടെത്തിയത്. മീനാട് പാലത്തിന് സമീപത്തെ പമ്പ്ഹൗസിനോട് ചേർന്ന് വിരിച്ചിരുന്ന വലയിൽ കുരുങ്ങിയ മീനുകളാണ് അഴുകിയത്.
പുഞ്ചകൃഷിക്ക് വെള്ളം വറ്റിച്ച് നിലമൊരുക്കുന്നതിന്റെ ഭാഗമായി പോളച്ചിറ പുഞ്ചപ്പാടത്തെ മീൻ ചിറക്കര പഞ്ചായത്ത് ലേലം ചെയ്തു വിൽക്കുന്നത് പതിവാണ്. ഇത്തവണ 8,10,000 രൂപയ്ക്കാണ് ലേലം ചെയ്തത്.
ലേലം പിടിച്ച കരാറുകാർ പരമാവധി മീൻ പിടിച്ചെടുക്കാൻ വേണ്ടി ഏലായുടെ പല ഭാഗത്തും വലകൾ വിരിച്ചിരുന്നു. വെള്ളം വറ്റിക്കുന്നതോടെ ചെറിയ മീനുകൾ കൂട്ടത്തോടെ വലയിൽ കുടുങ്ങി. ലേലത്തിന്റെ തുടക്കകാലത്ത് ചെറിയ മീനുകളെപ്പോലും കരാറുകാരൻ വിറ്റഴിച്ചിരുന്നു. ലേലത്തിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ വലയിൽകുടുങ്ങിയ വലിയവ മാത്രം എടുത്തുമാറ്റിയിട്ട് ചെറുമീനുകളെ വലയിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ചെറുമീനുകൾ കൂട്ടത്തോടെ വലിയിൽ കിടന്ന് ചത്തതോടെയാണ് നാടുമുഴുവൻ രൂക്ഷഗന്ധം പരന്നത്.