phot
പുനലൂർ-മടത്തറ മലയോര ഹൈവേയിലെ കരവാളൂർ പിറയ്ക്കലിൽ ഇടിഞ്ഞ പാതയോരത്ത് പുനർ നിർമ്മാണം ആരംഭിച്ചപ്പോൾ

പുനലൂർ: പുനലൂർ- മടത്തറ മലയോര ഹൈവേയിലെ കരവാളൂർ പിറയ്ക്കൽ പാലത്തിന് സമീപത്ത് ഇടിഞ്ഞിറങ്ങിയ പാർശ്വഭിത്തിയുടെ പുനർ നിർമ്മാണം തുടങ്ങി. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് കൂറ്റൻ പാതയോരം ഇടിഞ്ഞിറങ്ങിയത്. ഇപ്പോൾ 22 മീറ്റർ നീളത്തിലും 8 മീറ്റർ ഉയരത്തിലുമാണ് പുതിയ പാർശ്വഭിത്തി പണിയുന്നത്.പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പ്ലാൻ അനുസരിച്ചാണ് പണികൾ ആരംഭിച്ചത്. പഴയ കരാറുകാരൻ തന്നെയാണ് വീണ്ടും നിർമ്മാണ ജോലികൾ നടത്തുന്നത്. സർക്കാർ നിശ്ചയിച്ച ഗ്യാരണ്ടിയോടെ നിർമ്മിച്ച മലയോര ഹൈവേയിൽ മണ്ണിടിച്ചിൽ രൂപപ്പെട്ട സ്ഥലത്ത് കരാറുകാരൻ തന്നെ പണി പൂർത്തിയാക്കി നൽകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിർദ്ദേശിച്ചതിനെ തുടർന്നാണ് പുനർ നിർമ്മാണം തുടങ്ങിയത്.

77ലക്ഷത്തിന്റെ അടങ്കൽ

അടുത്ത കാലവർഷത്തിന് മുമ്പ് നിർമ്മാണ ജോലികൾ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്. കൂടുതൽ സുരക്ഷയോടെ മണ്ണിടിച്ചിൽ ഉണ്ടായ ഇവിടെ 46 മീറ്റർ നീളത്തിൽ പുതിയ നിർമ്മാണം ആരംഭിക്കുന്നതിന് 77ലക്ഷത്തിന്റെ അടങ്കൽ തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ചിരുന്നു. എന്നാൽ ബാദ്ധ്യത കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഫണ്ട് അനുവദിപ്പിക്കാൻ ശ്രമിച്ചതിന് പൊതുമരാമത്ത് വകുപ്പിലെ അസി.എൻജിനീയറെ വകുപ്പ് മന്ത്രിയുടെ നിർദ്ദേശം പ്രകാരം സർവീസിൽ നിന്ന് സസ്‌പെന്റും ചെയ്തിരുന്നു.

മന്ത്രി വന്നു, നടപടിയായി

മലയോര ഹൈവേയുടെ പണികൾക്കിടെ മൂന്ന് തവണയാണ് ഇവിടെ മണ്ണിടിച്ചിലുണ്ടായത്. നിർമ്മാണത്തിലെ അപാകതയാണെന്നാരോപിച്ച് നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും നിരവധി സമരങ്ങൾ നടത്തിയിരുന്നു. ഇത് കണക്കിലെടുത്ത് പി.എസ്.സുപാൽ എം.എൽ.എ മന്ത്രി മുഹമ്മദ് റിയാസിനെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. നിവേദനത്തെ തുടർന്ന് മന്ത്രി മണ്ണിടിച്ചിൽ ഉണ്ടായ പിറക്കൽ പാലത്തിന് സമീപത്തെത്തി സംഭവം നേരിൽ കണ്ട് വിലയിരുത്തി. തുടർന്നാണ് മണ്ണടിച്ചിൽ ഉണ്ടായ പിറക്കലിൽ പുതിയ പാർശ്വ ഭിത്തിയുടെ നിർമ്മാണം പുനരാരംഭിക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയത്. പുനലൂർ-തിരുവനന്തപുരം, കോട്ടയം-തിരുനവന്തപുരം, മൂവാറ്റുപുഴ-തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് അടക്കം ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാതയോരമാണ് കഴിഞ്ഞ മേയ് മാസം മുതൽ ഇടിഞ്ഞ് കിടന്നത്.