photo
സംസ്ഥാന തെങ്ങിൻ തൈ ഉല്പാദന കേന്ദ്രം.

കരുനാഗപ്പള്ളി: ചിറ്റുമൂല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംസ്ഥാന തെങ്ങിൻ തൈ ഉല്പാദന കേന്ദ്രത്തിൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ജോലി ചെയ്തിരുന്ന 38 തൊഴിലാളികളിൽ 12 പേരെ പലപ്പോഴായി സർക്കാർ സ്ഥിരപ്പെടുത്തിയിരുന്നു. ശേഷിക്കുന്ന 26 തൊഴിലാളികളാണ് ഇപ്പോഴും ദിവസ വേതനത്തിൽ ജോലി ചെയ്യുന്നത്. ഇവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുകയാണ്.

ആനുകൂല്യങ്ങളില്ല

സ്ഥിരം ജീവനക്കാർ വിരമിക്കുന്ന ഒഴിവുകളിൽ മാത്രമേ ദിവസ വേതന തോഴിലാളികളെ നിയമിക്കാനാകൂവെന്നാണ് ദിവസ വേതന തൊഴിലാളികൾക്ക് വിനയാകുന്നത്. ഒരു ദിവസം പി.എഫ് ഉൾപ്പടെ 1000 രൂപയാണ് വേതനമായി ലഭിക്കുന്നത്. ഒരു മാസം 10 തൊഴിൽ പോലും ലഭിക്കാറില്ലെന്നാണ് ഇവരുടെ പരാതി. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവർത്തന സമയം. ശമ്പളം അല്ലാതെ മറ്റൊരു ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.

ജോലികൂടുതലും വേതനം കുറവും

7.30 ഏക്കർ വിസ്തൃതിയിലാണ് ഫാം വ്യാപിച്ചിരിക്കുന്നത്. തെങ്ങുകൾ, കുരുമുളക് തൈകൾ, ടിഷ്യൂ വാഴകൾ തുടങ്ങി എല്ലാത്തിനെയും പരിചരിക്കേണ്ടത് ദിവസ വേതന തൊഴിലാളികളുടെ ജോലിയാണ്. കൊപ്രാ ഉണക്കും പശുക്കളെ സംരക്ഷിക്കുന്നതും പച്ചക്കറി തൈകളുടെ സംരക്ഷണവും വിപണനവും ഇവരാണ് നടത്തുന്നത്. ജോലിക്കനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്നുള്ള പരാതിയും നിലനിൽക്കുന്നു.

അഞ്ചൽ ഫാമിൽ നിയമിക്കണം

കൃഷിവകുപ്പിന്റെ അഞ്ചൽ ഫാമിൽ 83 ഒഴിവുകളുണ്ട്. ചിറ്റുമൂലയിലെ ദിവസ വേതന തൊഴിലാളികളെ അഞ്ചലിലെ ഒഴിവുകളിൽ നിയമിക്കണമെന്ന ആവശ്യം പ്രാദേശിക വാദത്തിൽ പെട്ട് നീളുകയാണ്. ഇതിനെതിരെ 13 ദിവസ വേതന തൊഴിലാളികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. കാഷ്വൽ ജീവനക്കാർക്ക് 60 വയസ് വരെ ജോലിയിൽ തുടരാൻ കഴിയും. 56 വയസ് കഴിഞ്ഞാൽ പിന്നെ സ്ഥിരം നിയമനത്തിന് അർഹതയില്ലാതാകും. സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും സ്ഥിരം തൊഴിലാലിയായി ജോലി ചെയ്യണമെന്നാണ് ഇവരുടെ ആഗ്രഹം.