
 92 കോടിയുടെ സ്വീവേജ് ശൃംഖല പദ്ധതിക്ക് ടെണ്ടർ
കൊല്ലം: വീടുകളിൽനിന്നുള്ള മലിനജലവും കക്കൂസ് മാലിന്യവും കുരീപ്പുഴയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് സംസ്കരിക്കാനുള്ള സ്വീവേജ് ശൃംഖല പദ്ധതിയുടെ ടെണ്ടർ നടപടികൾ ആരംഭിച്ചു. നേരത്തെ 84 കോടിക്കാണ് പദ്ധതി ടെണ്ടർ ചെയ്തിരുന്നത്. ആരും കരാറെടുക്കാത്തതിനെ തുടർന്ന് വർദ്ധിപ്പിച്ച ജി.എസ്.ടി നിരക്ക് സഹിതം 92 കോടി രൂപയ്ക്കാണ് ഇപ്പോൾ റീ ടെണ്ടർ ചെയ്തിരിക്കുന്നത്.
ആശ്രാമം, തങ്കശ്ശേരി, കന്റോൺമെന്റ്, കച്ചേരി, വാടി, പള്ളിത്തോട്ടം, താമരക്കുളം പ്രദേശങ്ങൾ ഉൾപ്പെടുന്ന പത്ത് നഗരസഭ ഡിവിഷനുകളിലെ വീടുകളിൽ നിന്നുള്ള മലിന്യമാകും കുരീപ്പുഴയിലെത്തിക്കുക. വീടുകളിൽ നിന്ന് ചെറിയ പൈപ്പുകൾ വഴി മലിനജലം പ്രധാന റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള മാൻഹോളുകളിൽ എത്തും. ഇവിടെ നിന്ന് വലിയ പൈപ്പ് ലൈനുകൾ വഴി സംഭരണ കിണറുകളിലെത്തും. അവിടെ നിന്ന് ഇരുമ്പ് പാലത്തിന് സമീപമുള്ള കൂടുതൽ വലിപ്പമുള്ള സംഭരണ കിണറിലേക്ക് പമ്പ് ചെയ്യും. അവിടെ നിന്നാണ് കുരീപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്. 48 കിലോമീറ്റർ ദൂരത്തിലാണ് വലിയ പൈപ്പ് ലൈൻ സ്ഥാപിക്കുക. ഇതിൽ 35 വർഷം മുമ്പ് ഇട്ടതടക്കം 33 ശതമാനത്തോളം ഇതുവരെ സ്ഥാപിച്ച് കഴിഞ്ഞു. ആകെയുള്ള ആറ് പമ്പിംഗ് സ്റ്റേഷനുകളിൽ നാലെണ്ണം ഭാഗികമായി പൂർത്തിയായി. വാടിയിലെ സംഭരണ കിണർ, ഇരുമ്പുപാലത്തിന് സമീപത്തെ പ്രധാന സംഭരണ കിണർ എന്നിവയുടെ നിർമ്മാണമാണ് ഇനി ആരംഭിക്കാനുള്ളത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ കിണറുകൾ നേരിടുന്ന മലിനജല ഭീഷണിക്ക് വലിയഅളവിൽ പരിഹാരമാകും.
പ്ലാന്റ് നിർമ്മാണം
40 ശതമാനമെത്തി
മലിനജലം സംസ്കരിക്കാൻ കുരീപ്പുഴ ചണ്ടി ഡിപ്പോ പ്രദേശത്ത് നിർമ്മാണം ആരംഭിച്ച
ട്രീറ്റ്മെന്റ് പ്ലാന്റ് 40 ശതമാനത്തോളം പൂർത്തിയായി. കെട്ടിട നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. താമസിയാതെ യന്ത്രഭാഗങ്ങൾ ഘടിപ്പിക്കും. മേയ് മാസത്തിൽ പ്ലാന്റ് പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ. 31.92 കോടിയാണ് പദ്ധതി തുക.