 
പടിഞ്ഞാറേകല്ലട : നെൽപ്പുരക്കുന്ന് വെസ്റ്റ് കല്ലട ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ സർക്കാർ വക കടത്തു കടവ് അപകട ഭീഷണിയിൽ. കടവിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടവിന്റെ ഭാഗം വേലിയേറ്റത്തിൽ മുങ്ങി കല്ലടയാറ്റിലേക്ക് താഴ്ന്ന സ്ഥിതിയാണ്. അതോടെ വള്ളക്കടവ് വെള്ളക്കെട്ടായി മാറി. യാത്രക്കാർ വള്ളത്തിൽ നിന്ന് വെള്ളത്തിലൂടെ ഇറങ്ങി വേണം കരയ്ക്ക് കയറുവാൻ. പായൽ പിടിച്ച് വെള്ളം കയറി കിടക്കുന്ന തറയിൽ കൂടി നടന്നു വരുന്ന വഴി കാൽവഴുതി വീഴാനും സാദ്ധ്യതയേറെയാണ്. ആഴമുള്ള വെള്ളത്തിൽ വീണ് സ്കൂൾ കുട്ടികളടക്കമുള്ള യാത്രക്കാർക്ക് അപകടം സംഭവിക്കുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക.
കിഴക്കേകല്ലടയെയും പടിഞ്ഞാറേകല്ലടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏക യാത്രാമാർഗം ഈ കടത്തുകടവാണ്. സ്കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാരാണ് ഇതുവഴി ദിവസവും യാത്ര ചെയ്യുന്നത്.
മണൽവാരി ആറിന്റെ ആഴം കൂടി
ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇവിടുത്തെ കടത്തു കടവ് കോൺക്രീറ്റ് ചെയ്ത് നിർമ്മിച്ചത്. വർഷങ്ങൾക്ക് മുമ്പ് കല്ലടയാറ്റിൽ നിന്ന് ക്രമാതീതമായി മണൽവാരിയതുകൊണ്ടാണ് ആറിന്റെ ആഴം കൂടി, തീരത്തെ പാർശ്വഭിത്തി ഉൾപ്പെടെ ഇടിഞ്ഞു കൊണ്ടിരിക്കുന്നത്. കൊല്ലം മേജർ ഇറിഗേഷൻ വകുപ്പിന്റെ പരിധിയിൽ വരുന്നതാണ് തീരപ്രദേശങ്ങൾ.
നെൽപ്പുരക്കുന്ന് സ്കൂൾ കടത്തു കടവിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥലപരിശോധന നടത്തി ഉടൻനടപടി സ്വീകരിക്കും.
എസ് .എ .ഗിരി ലാൽ
അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ,
മേജർ ഇറിഗേഷൻ,കൊല്ലം