 
പടിഞ്ഞാറേകല്ലട: നായ്ക്കളെ ജീവനോളം സ്നേഹിക്കുന്നവരുമുണ്ട്. കണ്ടാൽ കല്ലെറിഞ്ഞോടിക്കുന്നവരുമുണ്ട്. കല്ലേറുകിട്ടുന്നതിലധികവും തെരുവ് നായ്ക്കളാണ്. ഭക്ഷണമോ ഉടമകളോ ഇല്ലാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾ. പട്ടിണി കിടന്ന് എല്ലും തോലുമായ ശരീരവുമായി നടന്ന് പലരെയും ആക്രമിക്കുമ്പോഴാണ് തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കാൻ നടപടികളുണ്ടാകുന്നത്. എന്നാൽ സമയത്തിന് ഭക്ഷണവും തങ്ങാനിടവും കിട്ടിയാൽ ഒരു തെരുവ് നായയും ഉപദ്രവകാരികളായിരിക്കില്ല.
ഭക്ഷണവും പാർപ്പിടവും വേണം
വർഷങ്ങൾക്കു മുമ്പ് ശാസ്താംകോട്ട ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ കുരങ്ങുകളുടെ പട്ടിണി അകറ്റാനായി അന്നത്തെ കൊല്ലം ജില്ലാ കളക്ടറായിരുന്ന ആനന്ദബോസ് സർക്കാർ ചെലവിൽ അവർക്ക് ഭക്ഷണം കൊടുക്കാൻ എടുത്ത നടപടി നായകളുടെ കാര്യത്തിലും മാതൃകയാക്കാവുന്നതാണ്. പട്ടിണികൊണ്ട് വിശന്നലയുന്ന നായ്ക്കളെ ജനത്തിന് ദോഷകരമല്ലാത്ത രീതിയിൽ മാറ്റി പാർപ്പിച്ച് ഭക്ഷണം നൽകുവാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം.
പഞ്ചായത്ത് തലത്തിൽ തെരുവ് നായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും ഒരുപോലെ പേ വിഷബാധ വാക്സിൻ നൽകുക. തെരുവുനായ്ക്കൾ ക്രമാതീതമായി പെറ്റുപെരുകുന്നത് ഒഴിവാക്കാൻ സർക്കാരിന്റെ അംഗീകൃത പദ്ധതിയായ എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം) പ്രാദേശിക അടിസ്ഥാനത്തിൽ നടപ്പിലാക്കുക. അക്രമകാരികളായ നായകളെ കണ്ടെത്തി അവയെ പ്രത്യേക അഭയകേന്ദ്രങ്ങൾ ഉണ്ടാക്കി മാറ്റി പാർപ്പിയ്ക്കുക. മിക്ക വീടുകളിലും അധികം വരുന്ന ഭക്ഷണങ്ങൾ സന്നദ്ധസംഘടനകൾ ,റസിഡന്റ്സ് അസോസിയേഷനുകൾ വഴി നായകൾക്ക് കൊടുക്കുവാനുള്ള നടപടി സ്വീകരിക്കുക.
കെ.ബി. ബാഹുലേയൻ,
സംസ്ഥാന ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ സെക്രട്ടറി,
ഇ -ഹെൽത്ത് കേരള പ്രോജക്ട് അഡ്മിനിസ്ട്രേഷൻ മാനേജർ
മനുഷ്യ ജീവന് ഭീഷണിയായി മാറിയിരിയ്ക്കുന്ന തെരുവുനായ്ക്കളെ പിടികൂടി വംശവർദ്ധനവ് തടയാൻ വേണ്ടി വന്ധ്യകരണ ശസ്ത്രക്രിയകൾ നടത്തണം. അല്ലെങ്കിൽ പഞ്ചായത്ത്, നഗരസഭകൾ നായകൾക്ക് പ്രത്യേക സംരക്ഷണകേന്ദ്രങ്ങൾ കണ്ടെത്തണം.
ജി പത്മാകരൻ
എൻ. സി. പി.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം.