കുന്നിക്കോട് : വിളക്കുടി പഞ്ചായത്തിലെ കോലിഞ്ചിമലയിൽ രാത്രിയിലും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ ഖനനം നടത്തിയതിനെ തുടർന്ന് പ്രദേശവാസികൾ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. പാറക്വാറിയിൽ നിന്ന് തുടർച്ചയായ സ്ഫോടനങ്ങളും പ്രകമ്പനവും ഉണ്ടായതിനെ തുടർന്നാണ് പ്രദേശവാസികൾ പാറ ഖനനവും ലോഡും കൊണ്ടു പോകുന്ന ലോറികളും തടഞ്ഞ് പ്രതിഷേധിച്ചത്.
ഉരുളൻ കല്ലുകൾ മാത്രം നീക്കം ചെയ്യുന്നതിന് അനുമതിയുള്ള കോലിഞ്ചിമലയിൽ രാത്രി വൈകിയും സ്ഫോടനങ്ങൾ ഉണ്ടായി. പ്രതിഷേധവുമായി പ്രദേശവാസികൾ മലകയറിചെന്നപ്പോൾ ക്വാറിയിൽ ഡ്രൈവർമാരും തൊഴിലാളികളും ഉൾപ്പടെ നാൽപതോളം പേരുണ്ടായിരുന്നു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോടിന്റെയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്റെയും നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും കോലിഞ്ചി മലയിൽ എത്തിച്ചേർന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കുന്നിക്കോട് പൊലീസും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനും ചർച്ചകൾക്കുമൊടുവിൽ രാത്രിയിൽ ഖനനം നടത്താൻ പാടില്ലെന്ന് പൊലീസ് താക്കീത് നൽകിയതോടെയാണ് പ്രദേശവാസികൾ ശാന്തരായി പിരിഞ്ഞ് പോയത്. പിറ്റേന്ന് രാവിലെ കുന്നിക്കോട് എസ്.എച്ച്.ഒ പി.ഐ.മുബാറക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്വാറിയിൽ സന്ദർശനം നടത്തി. പകൽ സമയത്ത് പുറത്തേക്ക് ലോഡുമായി ലോറികൾ പോയില്ലെങ്കിലും പാറ ഖനനം നടത്തുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഭീതയിലായ ജനങ്ങൾ വൈകിട്ട് സംരക്ഷണ സമിതി രൂപവത്കരിച്ച് യോഗം ചേർന്നു.