photo
എഴുകോൺ പൊലീസ് സ്റ്റേഷന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മാതൃക

നിർമ്മാണച്ചെലവ് 1,53,65000 രൂപ

കൊല്ലം: എഴുകോൺ പൊലീസിന് സ്വന്തം ആസ്ഥാനമൊരുങ്ങുന്നു. 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തും. എഴുകോൺ അറുപറക്കോണം വെട്ടിലക്കോണത്ത് കെ.ഐ.പി വകയായി ഉണ്ടായിരുന്ന ഭൂമിയിൽ നിന്ന് പൊലീസ് സ്റ്റേഷനായി അനുവദിച്ച 20 സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. പൊലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിനായി 1,53,65000 രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഹാബിറ്റാറ്റാണ് നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തിട്ടുള്ളത്.

അസൗകര്യങ്ങൾക്ക് വിട

സി.ഐയ്ക്കും എസ്.ഐമാർക്കും പ്രത്യേകം മുറികളും പരാതിക്കാർക്കും സന്ദർശകർക്കുമുള്ള വിശ്രമ മുറികൾ, ഹാൾ, ടോയ്ലറ്റ് സംവിധാനം, ശിശുസൗഹൃദ മുറി, ലോക്കപ്പ്, മറ്റ് ഉദ്യോഗസ്ഥർക്കുള്ള സൗകര്യങ്ങൾ, വീഡിയോ കോൺഫറൻസ് സംവിധാനങ്ങൾ എന്നിവയടങ്ങുന്ന മനോഹര കെട്ടിടമാണ് നിർമ്മിക്കുന്നത്.ഏറെക്കാലമായി വാടക കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടുകയായിരുന്നു എഴുകോൺ സ്റ്റേഷൻ. പൊലീസ് ഉദ്യോഗസ്ഥർ ഇരിക്കാൻ സ്ഥലമില്ലാതെ വരാന്തയിലും മുറ്റത്തുമൊക്കെ നട്ടംതിരിയുന്ന സംഭവങ്ങൾ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. സി.ഐ 1,​​ എസ്.ഐമാർ 2,എ.എസ്.ഐമാർ 3,​ സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ 9, സിവിൽ പൊലീസ് ഓഫീസർമാർ 24, വനിതാ സിവിൽ പൊലീസ് ഓഫീസർമാർ 4 എന്നിങ്ങനെയാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ നില.

നിർമ്മാണോദ്ഘാടനം 6ന് മുഖ്യമന്ത്രി

6ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണോദ്ഘാടനം ഓൺലൈനിൽ നിർവഹിക്കും. എഴുകൺ അറുപറക്കോണത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സോമപ്രസാദ്, റൂറൽ എസ്.പി കെ.ബി.രവി, അഡിഷണൽ എസ്.പി എസ്.മധുസൂതനൻ, നഗരസഭ ചെയർമാൻ എ.ഷാജു, പി.ഐഷാപോറ്റി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, വി.സുഹർബാൻ, വനജ രാജീവ്, ഡിവൈ.എസ്.പി ആർ.സുരേഷ്, എഴുകോൺ സി.ഐ ടി.എസ്.ശിവപ്രകാശ് എം.രാജേഷ്, എം.വിനോദ് എന്നിവർ സംസാരിക്കും.