 
41 ലക്ഷം രൂപ
ചെലവഴിച്ച് നിർമ്മാണം
കരുനാഗപ്പള്ളി: കരുനാഗപ്പളി നഗരസഭയുടെ പരിധിയിൽ വരുന്ന കണിയാന്റെ തെക്കതിൽ - ഐക്കരമുക്ക് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിലെന്ന് പരാതി. റോഡിന്റെ പുനർ നിർമ്മാണം ആരംഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ റോഡ് സഞ്ചാര യോഗ്യമായിട്ടില്ല. റോഡ് എന്നത്തേക്ക് സഞ്ചാരയോഗ്യമാക്കുമെന്ന് പറയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല.
ചട്ടങ്ങൾ കാറ്റിൽ പറത്തി
ഹാർബർ എൻജിനീയറിംഗ് വകുപ്പിൽ നിന്ന് അനുവദിച്ച 41 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ പുനർ നിർമ്മാണം നടത്തുന്നത്. റോഡിന്റെ ദൈർഘ്യം ഒരു കിലോമീറ്ററിൽ താഴെയാണ്. 3.50 മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്യേണ്ടത്. റോഡിന്റെ വശങ്ങലിലുള്ള ഓടയുടെ നിർമ്മാണം മാത്രമാണ് ഇപ്പോൾ പൂർത്തിയായത്. ടെണ്ടറിന് ശേഷം എഗ്രിമെന്റ് വെച്ച് കഴിഞ്ഞാൽ 6 മാസത്തിനകം റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് നിലവിലുള്ള ചട്ടം. എന്നാൽ ഇവിടെ റോഡിന്റെ പണി ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോഴും റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല..
ജനകീയ സമരം സംഘടിപ്പിക്കും
നിലവിൽ ഉണ്ടായിരുന്ന റോഡ് ജെ.സി.ബി ഉപയോഗിച്ച് ഇളക്കിയ ശേഷം പുതിയ മെറ്റിൽ വിരിച്ചിട്ട് 4 മാസം കഴിഞ്ഞു. മെറ്റിൽ ഇളകി കിടക്കുന്ന റോഡിലൂടെയുള്ള കാൽ നട യാത്ര പോലും ദുഷ്ക്കരമാണ്. കഴിഞ്ഞ 6 മാസമായി നാട്ടുകാർ ഈ ദുരിതവും പേറിയാണ് ജീവിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമായി നൂറ് കണക്കിന് വീടുകളാണുള്ളത്. ഇവിടെയുള്ളവർക്ക് പ്രധാന റോഡിൽ എത്താനുള്ള ഏക മാർഗം ഈ റോഡ് മാത്രമാണ്. മെറ്റിൽ വിരിച്ചതിന് ശേഷം വാഹനങ്ങൾ ഇതുവഴി വരുന്നതും അപൂർവമാണ്. ഈ വഴി വന്നാൽ വാഹനങ്ങൾ വർക്ക് ഷോപ്പിൽ കയറ്റേണ്ട അവസ്ഥയാണെന്ന് ഡ്രൈവർമാർ പറയുന്നു. കരാറുകാരന്റെ മെല്ലപ്പോക്കിനെതിരെ നാട്ടുകാർ ജനകീയ സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.