parisam
ആലപ്പാട് അരയസമാജത്തിന്റെ നേതൃത്വത്തിൽ പരിശവുമായി ചെങ്ങന്നൂരിന് പുറപ്പെടുന്നു

ഓച്ചിറ: തിരുചെങ്ങന്നൂർ മഹാശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന 'പരിശം വെയ്പ്പ്' ചടങ്ങ് കഴിഞ്ഞ് ആലപ്പാട്ടെ അരയന്മാർ നാട്ടിലേക്ക് മടങ്ങി. ശിവരാത്രി ദിവസമാണ് അലപ്പാട് അരയന്മാർ പരിശവുമായി (സ്ത്രീധനം) തിരുചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. ദേവസ്വം ഉദ്യോഗസ്ഥരും ചെങ്ങന്നൂർ നിവാസികളും ചേർന്ന് ഇവരെ സ്വീകരിച്ച് ഭക്ഷണവും താമസസൗകര്യവും ഒരുക്കി നൽകും. ശിവരാത്രി ദിവസം ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നത് ആലപ്പാട്ടെ അരയസമാജങ്ങളുടെ നേതൃത്വത്തിലാണ്. ചെങ്ങന്നൂർ ക്ഷേത്രത്തിലെ പാർവതിദേവി മകളാണെന്നും ശിവൻ മരുമകനാണെന്നുമാണ് ആലപ്പാട്ട് അരയന്മാരുടെ സങ്കല്പം. ശിവരാത്രി ദിവസം പാർവ്വതീപരമേശ്വരന്മാരുടെ വിവാഹ ദിവസമാണെന്ന സങ്കൽപ്പത്തിലാണ് അന്നേ ദിവസം ആലപ്പാട്ടു നിന്ന് പരിശവുമായി ക്ഷേത്രത്തിലെത്തുന്നത്

പരിശവും പൊലിപ്പണവും

വെളുപ്പിന് ഒരു മണിയോടെ രണ്ട് ആനകളുടെ പുറത്ത് പരമശിവനും പാർവ്വതിയും എഴുന്നള്ളി. കിഴക്കേ ഗജമണ്ഡപത്തിൽ വെച്ച് ആലപ്പാട്ട് അരയന്മാർക്ക് ദർശനം നൽകി, നിറപറ സ്വീകരിച്ചശേഷം നിലവിളക്കിന് മുന്നിൽ വിരിച്ച മെത്തപ്പായിൽ വെള്ളിക്കുടത്തിൽ പരിശം വെച്ചു. . പരിശവും പൊലിപ്പണവും എണ്ണിതിട്ടപ്പെടുത്തിയ ദേവസ്വം അധികാരികൾ രജിസ്റ്ററിൽ രേഖപ്പെടുത്തി. ആലപ്പാട് അരയന്മാരും ദേവസ്വം ഉദ്യോഗസ്ഥരും ഒപ്പു വെച്ച് ദേവീദേവന്മാരെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ആലപ്പാട്ട് അരയന്മാർക്ക് പ്രസാദമായി കരിക്കും പഴവും പടച്ചോറും പായസവും നൽകി. ശേഷം ബലിതർപ്പണം നടത്തിയ ആരയന്മാർ നാട്ടിലേക്ക് മടങ്ങി.

സാംസ്കാരിക സമ്മേളനം

പരിശം വെയ്പ്പിനോടനുബനധിച്ച് തിരുചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽ വെച്ച് നടന്ന സാംസ്കാരിക സമ്മേളനം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഴീക്കൽ പൂക്കോട്ട് കരയോഗം പ്രസിഡന്റ് ജെ. വിശ്വംഭരൻ അദ്ധ്യക്ഷനായി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, ധീവരസഭ ജില്ലാ സെക്രട്ടറി ബി. പ്രിയകുമാർ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ വി.ജി പ്രകാശ്, ക്ഷേത്രം ഉപദേശകമിതി പ്രസിഡന്റ് എസ്.വി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കെ.ബാബുരാജ് സ്വാഗതവും പി.ജയരാജ് നന്ദിയും പറഞ്ഞു.