കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല മലയിൽപ്പാറ ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷം. നിരവധി കുടുംബങ്ങൾ വെള്ളം തലച്ചുമടായി കൊണ്ടുവരികയാണ്. വിലകൊടുത്ത് വാങ്ങുന്നവരുമുണ്ട്. കോട്ടാത്തല വാർഡിൽ പലയിടത്തും ചെറുകിട കുടിവെള്ള പദ്ധതികൾ തുടങ്ങിയിരുന്നുവെങ്കിലും ഏറ്റവും കൂടുതൽ ജലക്ഷാമമുള്ള മലയിൽപ്പാറയെ തഴഞ്ഞു. ഐ.സി.ഡി.പി സബ് സെന്റർ വളപ്പിൽ രണ്ട് വർഷം മുൻപ് കുഴൽക്കിണർ സ്ഥാപിച്ചതിൽ നിന്ന് പൈപ്പുലൈനുകളിട്ട് കുറച്ചുവീടുകളിൽ വെള്ളം എത്തിയ്ക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ഇതും നാളിതുവരെ നടപ്പായില്ല.

കുടിവെള്ള പദ്ധതി ഇല്ല

വേനൽ കടുത്തതോടെ പ്രദേശത്തെ കിണറുകളെല്ലാം വറ്റി വരണ്ടിരിക്കയാണ്. വരുന്ന മഴക്കാലംവരെ വെള്ളത്തിനായി നെട്ടോട്ടമോടുകയേ ഇവിടുത്തുകാർക്ക് നിവൃത്തിയുള്ളു. ടാങ്കറുകളിൽ കുടിവെള്ളം എത്തിയ്ക്കാനുള്ള നീക്കവും ഉണ്ടായിട്ടില്ല. കോട്ടാത്തല, കുറുമ്പാലൂർ, വല്ലം, അവണൂർ വാർഡുകൾ അതിർത്തി പങ്കിടുന്ന പ്രദേശമായിട്ടും ഫലപ്രദമായ കുടിവെള്ള പദ്ധതി മലയിൽപ്പാറയിൽ നടപ്പാക്കാൻ അധികൃതർ തയ്യാറാകുന്നില്ല.