school-
ഗവൺമെന്റ് മൂക്കുത്തോടു യു. പി. എസ്സ് സ്കൂളിനു വേണം ഒരു ഗ്രൗണ്ട്

ചവറ: പഞ്ചായത്തിലെ ഏക സർക്കാർ യു.പി സ്കൂളാണ് മൂക്കുത്തോട് സ്കൂൾ. പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ളാസ് വരെ 547 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ കുട്ടികൾക്കായി ഒരു മൈതാനമില്ല. 90 വർഷത്തോളം പഴക്കമുള്ള സ്കൂളിൽ സമീപ പഞ്ചായത്തുകളിലെ കുട്ടികളും പഠിക്കുന്നുണ്ട് . 50 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കുട്ടികൾക്ക് കായിക ഇനങ്ങളിൽ മികവ് തെളിയിക്കാൻ അവസരങ്ങളുണ്ടെങ്കിലും അതിനുവേണ്ടി പരിശീലനം നടത്താനാണ് ഇടമില്ലാത്തത്.

പഞ്ചായത്ത് മൈതാനം വിട്ടുനൽകണം

സ്കൂളിന് സമീപത്ത് ചവറ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള 60 സെന്റോളം വരുന്ന മൈതാനത്തിന്റെ ഒരു സൈഡ് റോഡും മറു സൈഡിൽ ടി. എസ്. കനാലുമാണ്. സംരക്ഷണഭിത്തി ഉണ്ടായിരുന്നത് സാമൂഹ്യവിരുദ്ധർ തകർത്തുകളഞ്ഞു. കഴിഞ്ഞ 12 വർഷമായി പി.ടി.എ കമ്മിറ്റിയും രക്ഷകർത്താക്കളും പഞ്ചായത്ത് മൈതാനം സ്കൂളിന് വിട്ടുനൽകണമെന്ന ആവശ്യമുന്നയിച്ച് ചവറ ഗ്രാമപഞ്ചായത്തിലും സ്ഥലം എം.എൽ.എയ്ക്കും എം.പിയ്ക്കും നിവേദനം നൽകുന്നു. എന്നാൽ അനുകൂലമായ ഒരു തീരുമാനം ഇതുവരെയും ലഭിച്ചിട്ടില്ല.

സ്കൂളിലുണ്ട് ചാമ്പ്യന്മാർ

കഴിഞ്ഞ 13 വർഷമായി ചവറ ഉപജില്ലാ കലോത്സവങ്ങളിൽ എൽ.പി - യു. പി വിഭാഗങ്ങളിൽ മുക്കുത്തോട് സ്കൂളിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് . ഒന്നുമുതൽ 7 വരെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം പി.ടി പീരീഡ്‌ ഉണ്ട്. ആഴ്ചയിൽ രണ്ടു ദിവസം പി.ടി.എ അദ്ധ്യാപകന് പുറമേ ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നിന്ന് സ്പെഷ്യൽ കായിക അദ്ധ്യാപകനും വിദ്യാർഥികളെ പരിശീലിപ്പിക്കാനെത്തുന്നുണ്ട്. പക്ഷേ മൈതാനത്തിന്റെ അഭാവം പരിശീലനത്തിനെ സാരമായി തന്നെ ബാധിക്കുന്നു.

സ്കൂളിനോട് ചേർന്ന് കിടക്കുന്ന പഞ്ചായത്ത് മൈതാനം സ്കൂളിന് വിട്ട് നൽകണം. കുട്ടികളെ കായികപരമായി സജ്ജരാക്കാൻ മറ്റ് മാർഗമില്ല.

പി.ടി.എ പ്രസിഡന്റ്

ഹരീഷ് കുമാർ