 
 കുണ്ടും കുഴിയുമായി ലാൽ ബഹദൂർ സ്റ്റേഡിയം
കൊല്ലം: ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങൾക്ക് തലവേദനയായി ട്രാക്കിലെ കുണ്ടും കുഴിയും. സിന്തറ്റിക് ട്രാക്കിൽ പരിശീലനത്തിന് സൗകര്യമില്ലാത്തതിനാൽ സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ജില്ലയിലെ താരങ്ങൾ പിന്തള്ളപ്പെടുന്നതിനിടെയാണ് ഈ ദുരവസ്ഥ.
400 മീറ്രർ നീളത്തിൽ എട്ട് ലൈനുകളുള്ളതാണ് ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ ട്രാക്ക്. മൂന്ന് പതിറ്റാണ്ട് മുമ്പ് കരിമണ്ണ് പാകി ഉറപ്പിച്ചിതാണിത്. ഇപ്പോൾ കരിമണ്ണിന്റെ പൊടി പോലും കാണാനില്ല. വിവിധ പരിപാടികൾക്ക് വാഹനങ്ങൾ കയറ്റിയിറക്കിയും തൂണുകൾ കുഴിച്ചിട്ടും ട്രാക്ക് തകർന്ന് തരിപ്പണമായിരിക്കുകയാണ്.
പീരങ്കി മൈതാനത്ത് ഇൻഡോർ സ്റ്റേഡിയം പണിയാനുള്ള പദ്ധതിയുടെ തുടക്കത്തിൽ ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നിർമ്മാണവും ഉൾപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് സ്റ്റേഡിയം, ഹോസ്റ്റൽ നിർമ്മാണങ്ങളിൽ പദ്ധതി പരിമിതപ്പെട്ടു. സായി, സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകളിലെ താരങ്ങൾക്ക് പുറമേ ജില്ലയിലെ വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾ ഇവിടെയാണ് പരിശീലനം നടത്തുന്നത്. ജില്ലാതലത്തിലെ എല്ലാ കായിക ഇനങ്ങളുടെയും പരിശീലന കേന്ദ്രമാണ്. സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾ ഇപ്പോൾ തിരുവനന്തപുരത്ത് പോയാണ് സിന്തറ്റിക് ട്രാക്കിൽ പരിശീലനം നേടുന്നത്.