kanal-
വൃത്തിയാക്കാത്ത കനാൽ

പെരുമ്പുഴ : ഇളമ്പള്ളൂർ പഞ്ചായത്തിലെ പെരുമ്പുഴ, കാമ്പിക്കട, സൊസൈറ്റി ജംഗ്ഷൻ, കന്യാകുഴി, ചിറയടി, ആലുംമൂട് എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന കനാൽ വറ്റിവരണ്ടതോടെ നാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. അതത് പഞ്ചായത്തിലൂടെ കടന്നു പോകുന്ന കനാൽ ഭാഗങ്ങൾ വേനലിന് മുമ്പ് തൊഴിലുറപ്പു ജോലിക്കാരെക്കൊണ്ട് വൃത്തിയാക്കുന്നത് പതിവായിരുന്നു. തുടർന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ കനാലിലൂടെ വെള്ളം തുറന്നുവിടുകയും ചെയ്യുമായിരുന്നു. എന്നാൽ ഇത്തവണ ഇതുവരെയും

പഞ്ചായത്ത് അധികാരികൾ കനാൽ വൃത്തിയാക്കിയിട്ടില്ല. അതിനാൽ വെള്ളം ഒഴുക്കിയതുമില്ല.

വെള്ളം വിലകൊടുത്തുവാങ്ങേണ്ട ദുരവസ്ഥയിലാണ് പലരും.

കൃഷിക്കും മൃഗപരിപാലനത്തിനും വെള്ളമില്ലാത്ത അവസ്ഥയാണ്. കനാലിൽ വെള്ളമെത്തിയാൽ കിണറുകൾ, കുളങ്ങൾ, തോടുകൾ, വയലുകൾ എന്നിവിടങ്ങളിലെല്ലാം വെള്ളമെത്തുകയും നാട്ടുകാർക്ക് അത് വലിയൊരളവിൽ ആശ്വാസമാകുകയും ചെയ്യും. അതിനാൽ ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം കനാൽ വൃത്തിയാക്കി വെള്ളം ഒഴുക്കിവിടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.