കുന്നത്തൂർ: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗവും വിധവയുമായ ലതാ രവിയെ ജാതീയ ആക്ഷേപത്തോടെ ബോധപൂർവം വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച തെങ്ങമം സ്വദേശി സോണിയെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ കെ.ഡി.എഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ലതാ രവി ഇടയ്ക്കാട് ചന്തയിൽ മത്സ്യവ്യാപാരം നടത്തുന്ന തട്ടിന് മുന്നിൽ തടസമായി ഓട്ടോറിക്ഷ പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. കെ.ഡി.എഫ് ജില്ല പ്രസിഡന്റ് ശൂരനാട് അജി, ട്രഷറർ കെ.കൃഷ്ണൻ, മണ്ഡലം ജന.സെക്രട്ടറി കെ.ശശി, ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മല്ലിക ബാലകൃഷ്ണൻ, ഗീതാ ബാബു, ബിന്ദു ഏബ്രഹാം, വനജ എന്നിവർ ലതാ രവിയുടെ വീട് സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പോരുവഴി ഡിവിഷൻ അംഗം ലതാ രവിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചും പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും കെ.പി.എം.എസ് 2064 -ാം നമ്പർ ചാലുംപാട് ശാഖ കമ്മിറ്റി ധർണ നടത്തി. ദളിത് കലാ സാംസ്‌കാരിക പ്രവർത്തകൻ പ്രകാശ് കുട്ടൻ ഉദ്ഘാടനം ചെയ്തു. ദളിത് ആക്റ്റീവിസ്റ്റ് സന്തോഷ്‌ കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ശാന്ത, ടി.പ്രദീപ് ,പ്രമോദ്,രഞ്ജിത് ,സിജു, രതീഷ്,രശ്മി, ദിലീഷ്, ആതിര, നാടൻപാട്ട് കലാകാരൻ അയ്യപ്പൻ എന്നിവർ സംസാരിച്ചു.