കൊല്ലം: ടിക്കറ്റ് പരിശോധനയ്ക്കായി ലൈറ്റിട്ടതിൽ പ്രകോപതിനായ യാത്രക്കാരൻ മലബാർ എക്സ്‌പ്രസിലെ ടി.ടി.ഇയെ മർദ്ദിച്ചു. ചീഫ് ട്രാവലിംഗ് ടിക്കറ്റ് ഇൻസ്പെക്ടർ എസ്. സുരേഷ് കുമാറിനാണ് മർദ്ദനമേറ്റത്. പത്തനംതിട്ട തിരുവല്ല നിരണം കിഴക്കേടത്ത് വീട്ടിൽ ഷാജി.പി.ജോണിനെതിരെ (62) കൊല്ലം റെയിൽവേ പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി 7.20 ഓടെ ട്രെയിൻ കടയ്ക്കാവൂര്‍ എത്തിയപ്പോഴാണ് സംഭവം. പരിശോധനയ്ക്കായി ബി 2 കോച്ചിലെത്തിയ സുരേഷ് കുമാർ ലൈറ്റിട്ടു. ഇതിൽ പ്രകോപിതനായ ഷാജി സുരേഷ് കുമാറുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ട്രെയിൻ കൊല്ലം സ്റ്റേഷനിലെത്തിയപ്പോൾ ഇയാളെ റെയിൽവേ പൊലീസ് കസ്റ്റിഡിയിലെടുക്കുകയായിരുന്നു. നെഞ്ചുവേദനയുണ്ടെന്ന് ഷാജി പറഞ്ഞതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.