കുന്നിക്കോട് : കോലിഞ്ചിമലയിലെ പാറക്വാറി വിഷയത്തിൽ ആരോപണ വിധേയനായ നേതാവിനെതിരെ നടപടിയെടുക്കുന്നതിൽ കുന്നിക്കോട് സി.പി.ഐ മണ്ഡലം കമ്മിറ്റിയിൽ ഭിന്നത. ബുധനാഴ്ച മുൻ മന്ത്രി കെ.രാജുവിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന മണ്ഡലം സെക്രട്ടേറിയറ്റ്, മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ ഇരുവിഭാഗങ്ങളായി തിരിച്ച് വാദപ്രതിവാദങ്ങൾ നടന്നു.

സി.പി.ഐയുടെ പോഷക സംഘടനാ ഭാരവാഹിത്വങ്ങൾ ഉൾപ്പടെ ഏഴ് സ്ഥാനങ്ങൾ വഹിക്കുന്ന ആളാണ് ആരോപണ വിധേയൻ. അദ്ദേഹത്തിന് ഒരു സ്ഥാനം മാത്രം നൽകി മറ്റ് സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്ന ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ സാമ്പത്തിക ആരോപണങ്ങളിൽ മതിയായ തെളിവ് അന്വേഷണ കമ്മിഷന് പോലും കണ്ടെത്താനായില്ലെന്നായിരുന്നു മറുഭാഗത്തിന്റെ നിലപാട്. സാമ്പത്തിക ആരോപണങ്ങൾക്ക് മതിയായ തെളിവ് ലഭിച്ചാൽ ആരോപിതർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കെ. രാജു പറഞ്ഞു. ശേഷം സംസാരിച്ച അന്വേഷണ കമ്മിഷന്റെ ഭാഗമായ സെക്രട്ടേറിയറ്റ് - മണ്ഡലം കമ്മിറ്റിയംഗങ്ങളിൽ ചിലർ പാർട്ടിയുടെ അറിവോടും അനുമതിയോടും കൂടിയാണ് പാറക്വാറിയിലെ തൊഴിലാളികളിൽ നിന്ന് കരാർ എഴുതി വാങ്ങിയതെന്ന് വാദിച്ചു. യന്ത്രങ്ങൾ കൊണ്ട് കയറ്റേണ്ട വലിയ പാറകൾ എങ്ങനെ ചുമന്ന് കയറ്റുമെന്നായിരുന്നു അവരുടെ ചോദ്യം. ഭിന്നാഭിപ്രായങ്ങൾ വന്നതോടെ യോഗത്തിൽ ബഹളമായി. തൊഴിൽ വിലക്ക് കരാർ പാർട്ടി നയങ്ങൾക്കെതിരാണെന്നും അതിനാൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന നിലപാടിൽ തന്നെ ഒരുവിഭാഗം ഉറച്ചുനിന്നു.