തഴവ: ഓണാട്ടുകരയിലെ കാർഷിക മേഖലയുടെ നിലനിൽപ്പിന് തന്നെ നിർണായക പങ്ക് വഹിച്ച തഴത്തോട് സംരക്ഷിക്കാൻ സമഗ്ര പദ്ധതി വേണമെന്ന ആവശ്യം ശക്തമായി. കായംകുളം കായൽ മുതൽ കരുനാഗപ്പള്ളി വട്ടക്കായൽ വരെ നീളുന്ന തഴത്തോട് കൃഷ്ണപുരം, ദേവികുളങ്ങര, ഓച്ചിറ ,കുലശേഖരപുരം, കരുനാഗപ്പള്ളി മേഖലകളിൽ കണ്ണെത്താ ദൂരത്തോളം ഉണ്ടായിരുന്ന നെൽവയലുകൾക്ക് നടുവിലൂടെയായിരുന്നു കടന്നു പോയിരുന്നത്. കൃഷിയ്ക്ക് അനുയോജ്യമായ രീതിയിൽ പാടശേഖരങ്ങളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്ന തഴത്തോട് വ്യാപകമായ കൈയ്യേറ്റവും സംരക്ഷണമില്ലായ്മയും കാരണം ഇന്ന് ഏതാണ്ട് സർവനാശത്തിലായി.
മാലിന്യം നിറഞ്ഞ് തോട് ഇല്ലാതായി
രാഷ്ട്രീയ ഇടനിലക്കാരുടെ സഹായത്തോടെ ഭൂ മാഫിയകൾ കുറഞ്ഞ വിലയ്ക്ക് നിലം വാങ്ങി നികത്തി വിൽക്കുന്നത് വ്യാപകമായതാണ് തോടിന്റെയും അവശേഷിച്ച കൃഷി സ്ഥലങ്ങളുടെയും നാശത്തിന് കാരണം. പാടശേഖരങ്ങളിലേക്ക് ആവശ്യമായ ചാരം, ചാണകം എന്നിവ വള്ളത്തിലെത്തിച്ചിരുന്ന ഒരു ഉൾനാടൻ ജലപാത കൂടിയായിരുന്ന തഴത്തോടിന് അഞ്ച് മീറ്ററായിരുന്നു കുറഞ്ഞ വീതി. എന്നാൽ ക്രമാതീതമായി കുളവാഴ കയറിയും മാലിന്യം കുന്നുകൂടിയും പല ഭാഗത്തും ഇപ്പോൾ തോട് എവിടെയെന്നറിയാത്ത സ്ഥിതിയാണ്. കുലശേഖരപുരം പഞ്ചായത്തിൽ കളരിവാതുക്കൽ, നീലാകുളം ,കുലശേഖരപുരം, പുന്നക്കുളം, പുതിയകാവ് എന്നീ വാർഡുകളിലൂടെയാണ് തഴത്തോട് കടന്നു പോകുന്നത്. ഇവിടെയും തോട് മാലിന്യം നിറഞ്ഞ് ഇല്ലാതായതോടെ മഴക്കാലത്ത് നൂറ് കണക്കിന് കുടുംബങ്ങളാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്.
അധികൃതർ ഇടപെടുന്നില്ല
ഓരോ മഴക്കാലത്തും പ്രളയ സമാനമായ സാഹചര്യമാണ്. അതിന് പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നീക്കവുമില്ല. തോടിന്റെ വീതി അളന്ന് തിട്ടപ്പെടുത്തി അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ പോലും നടപടിയില്ല. അഞ്ച് നീർചാലുകളായിരുന്നു കുലശേഖരപുരം പഞ്ചായത്തിൽ മാത്രം തഴത്തോട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പുതിയകാവ് വാർഡിലെ ഒരു ചാൽ മാത്രമാണ് രേഖകളിലുള്ളത്. ചാലുകളും തോടുകളും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കി സംരക്ഷിക്കണമെന്നാണ് മൈനർ ഇറിഗേഷൻ വകുപ്പിന്റെ വാദം. എന്നാൽ ലോഡ് കണക്കിന് എക്കലും ചെളിയും മാലിന്യങ്ങളും നിറഞ്ഞ തോട് വീണ്ടെടുക്കുവാൻ യന്ത്രസഹായം കൂടിയേ കഴിയുവെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാട്.