ഓച്ചിറ: ഓച്ചിറയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ നിലം നികത്തൽ തുടരുകയാണ്.

തണ്ണീർതട സംരക്ഷണ നിയമം അനുസരിച്ച് ഡേറ്റ ബാങ്കിൽപെട്ട വസ്തു നികത്തുന്നത് കടുത്ത നിയമ ലംഘനമാണ്. നിലം പൂർവ സ്ഥിതിയിൽ ആക്കുന്നതിനും വസ്തു ഉടമയ്ക്കെതിരെ കേസെടുക്കുന്നതിനും റവന്യു ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.കെട്ടിട അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിലം നികത്തിയ ഓച്ചിറ മേമന മരുതവന പുത്തൻ വീട്ടിൽ മുഹമ്മദ് ഇസഹാക്കിനെതിരെ നിയമനടപടി ആരംഭിച്ചു. തഹസിൽദാറിനും സബ്കളക്ടർക്കും റിപ്പോർട്ട് നൽകിയതായി വില്ലേജ് ഒഫീസർ എൻ. അനിൽകുമാർ പറഞ്ഞു. ഉദ്ദേശം 40 സെന്റോളം വരുന്ന നിലമാണ് കെട്ടിടാവശിഷ്ടങ്ങൾ ഉപയോഗിച്ച് നികത്തിയത്.

മണ്ണ് വിൽപ്പനയ്ക്ക് നൂതന വഴികൾ

പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലെ തരിശ് പുരയിടങ്ങളിൽ മണ്ണ് വിൽപ്പന വ്യാപകമാണ്. കരമണ്ണിന് മോഹവിലയാണ് ലഭിക്കുന്നത്. ആധുനിക യന്ത്രോപരോപകരണങ്ങൾ ഉപയോഗിച്ച് പുരയിടം കുഴിച്ചാണ് മണ്ണ് എടുക്കുന്നത്. ശേഷം ഈ കുഴികൾ കെട്ടിട അവശിഷ്ടങ്ങൾ ഉപയോഗിച്ച് നികത്തി പൂർവസ്ഥിതിയിലാക്കുന്നു. ഒരു ലോഡ് കെട്ടിടാവശിഷ്ടം രണ്ടായിരം രൂപയ്ക്ക് ലഭിക്കുമ്പോൾ ഒരു ലോഡ് കരമണലിന് പതിനയ്യായിരം രൂപയിലധികമാണ് വില.