 
പത്തനാപുരം : യുദ്ധം തുടങ്ങിയപ്പോൾ മുതൽ പ്രാർത്ഥനയിലായിരുന്നു ആമിനയുടെ കുടുംബവും നാട്ടുകാരും. യുക്രെയിൻ ലവീവ് നാഷണൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ് പത്തനാപുരം മാങ്കോട് ഫിർദൗസിൽ ദിലീഫ് ഖാന്റെയും നിസാ ബീഗത്തിന്റെയും മകൾ ആമിനാ ദിലീഫ്. യുദ്ധഭൂമിയിൽ നിന്ന് ആശ്വാസതീരത്തേക്കുള്ള വഴി ഓർത്തെടുക്കുകയാണ് ആമിന.
യുദ്ധം തുടങ്ങിയപ്പോൾ തന്നെ ഏജന്റിന്റെ നിർദ്ദേശ പ്രകാരം നേരത്തെത്തന്നെ ബാഗുകൾ തയ്യാറാക്കി. സമീപത്തെ ചർച്ചിനുള്ളിലെ ബങ്കറിൽ അഭയം തേടി. സൈറൺ അവസാനിച്ചപ്പോൾ ഹോസ്റ്റലിലേക്ക് പോയി. തുടർന്ന് ടാക്സിയിൽ പോളണ്ട് അതിർത്തിയായ ഉദ്റയിലെത്തി. മൂന്ന് അതിർത്തികൾ ഉണ്ടായിരുന്നെങ്കിലും ബാക്കി രണ്ടെണ്ണവും തുറന്നു കൊടുത്തിരുന്നില്ല. 10 മണിക്കൂറോളം ക്യൂവിൽ നിന്നു. മൈനസ് 2 ഡിഗ്രി മുതൽ മൈനസ് 7 ഡിഗ്രി സെൽഷ്യസ് താപനില . തണുപ്പിൽ പലരും തളർന്ന് വീണു. തിരക്കിൽ പലർക്കും മുറിവേറ്റു. ശാരീരിക പീഡനങ്ങൾ മറ്റു പലതും. ആൺകുട്ടികൾക്കാണ് കൂടുതലും ഉപദ്രവങ്ങൾ സഹിക്കേണ്ടി വന്നത്. ചിലർ തിരിച്ചു ഹോസ്റ്റലിലേക്ക് പോയി. മോഷ്ടാക്കളുടെ ശല്യം വേറെ. ഭാരമുള്ള ബാഗ് തറയിൽ വെച്ചാൽ നഷ്ടപ്പെടും. ബസും ടാക്സിയും കിട്ടാതെ 30 കിലോമീറ്റർ കൊടും തണുപ്പിൽ നടന്ന് പോളണ്ട് അതിർത്തിയായ ഷെഹനിലെത്തി. വീണ്ടും യുദ്ധ മുന്നറിയിപ്പ്. ഒരു തരത്തിൽ ക്യൂവിൽ നിന്ന് അകത്ത് കടന്നു, ഒരു പാക്കിസ്ഥാനിയുടെ സഹായത്തോടെ 5 കിലോ മീറ്റർ അകലെയുള്ള ഷെൽട്ടറിലേക്ക് ഓടിക്കയറി.പോളണ്ടിലെ മലയാളി അസോസിയേഷന്റെ ഇടപെടലാണ് ജീവൻ തിരിച്ചു കിട്ടാൻ ഇടയാക്കിയത്. അവർ ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും സംഘടിപ്പിച്ചു നൽകി
ദിവസങ്ങൾക്കു ശേഷം ചൊവ്വാഴ്ച താമസിച്ചിരുന്ന ഡോർമിറ്ററിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള എയർപോർട്ടിലേക്ക് എത്തി. 2 വിമാനത്തിലായി 500 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ബുധനാഴ്ച പുലർച്ചെ ഡൽഹിയിലെത്തി. അവിടെ നിന്ന് നെടുമ്പാശ്ശേരി വഴി നാട്ടിലേക്ക്. ആശ്വാസ തീരത്ത് എത്തിയെങ്കിലും സുഹൃത്തുക്കളും പരിചയക്കാരുമായ ഒരു പാട് പേർ ഇപ്പോഴും നാട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്. അവർക്കായുള്ള പ്രാർത്ഥനയിലാണ് ആമിനയിപ്പോൾ.