കൊല്ലം: വിസ്മയ കേസിൽ വിചാരണ അന്തിമഘട്ടത്തിൽ എത്തിയതോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് എട്ട് മാസത്തിലേറെ നീണ്ട ജയിൽവാസത്തിനൊടുവിൽ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങി.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കിരൺകുമാർ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചതിനെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. താൻ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ജയിൽ മോചിതനായ ശേഷം കിരൺകുമാർ പറഞ്ഞു.
2021 ജൂൺ 21 നാണ് ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭർത്തൃവീട്ടിൽ വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഭർത്താവ് കിരൺകുമാറിന്റെ പീഡനങ്ങൾ സംബന്ധിച്ച് വിസ്മയ സഹോദര ഭാര്യയ്ക്കും സുഹൃത്തിനും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായി. ഒളിവിൽ പോയ കിരൺകുമാറിനെ തൊട്ടടുത്ത ദിവസം പൊലീസ് പിടികൂടി. ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സെപ്തംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ എതിർ വിസ്താരം ഈ മാസം 10ന് ആരംഭിക്കും.