 
കൊല്ലം: നഗരത്തിൽ ഇന്നലെ മൂന്നിടത്ത് മാലിന്യത്തിന് തീപിടിച്ചു. കൊല്ലം പോർട്ട്, താലൂക്ക് കച്ചേരി ജംഗ്‌ഷൻ, കടവൂർ ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിലാണ് ഇന്നലെ മാലിന്യത്തിന് തീപിടിച്ചത്. രാവിലെ കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയേറ്റ് ചടങ്ങുകൾക്കിടെ നടന്ന വെടിക്കെട്ടിൽ നിന്നുള്ള തീപ്പൊരി പറന്നുവീണാണ് മാലിന്യത്തിന് തീപിടിച്ചത്. തുടർന്ന് ക്ഷേത്രവളപ്പിലെ രണ്ട് തെങ്ങുകൾ ചൂടേറ്റ് നശിച്ചു. നാട്ടുകാരുടെയും ഭരണസമിതിയുടെയും സമയോചിതമായ ഇടപെടലിൽ തീ പടരും മുമ്പ് നിയന്ത്രവിധേയമാക്കി. തുടർന്ന് ചാമക്കടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ പൂർണമായും കെടുത്തിയത്.
ഉച്ചയോടെയാണ് താലൂക്ക് കച്ചേരി ജംഗ്‌ഷനിൽ വേളാങ്കണ്ണി കുരിശടിക്ക് സമീപത്തെ മാലിന്യനിക്ഷേപത്തിന് തീപിടിച്ചത്. വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്നതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത വൈദ്യുത ട്രാൻസ്‌ഫോമറിലേക്ക് തീ പടരാത്തതിനാൽ വൻ അപകടം ഒഴിവായി.
വൈകിട്ട് 3.30ഓടെയാണ് കൊല്ലം പോർട്ടിന് സമീപത്തുള്ള മാലിന്യത്തിന് തീപിടിച്ചത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിയതിനെ തുടർന്നുള്ള രൂക്ഷഗന്ധം പ്രദേശവാസികൾക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടാക്കി. തൊട്ടടുത്ത് കിടന്നിരുന്ന ഉപയോഗശൂന്യമായ രണ്ടുവള്ളങ്ങൾ പൂർണമായും കത്തിനശിച്ചു. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് അഗ്നിരക്ഷായൂണിറ്റുകളെത്തിയാണ് തീ കെടുത്തിയത്. ഈ ഭാഗത്ത് തീപിടുത്ത സാദ്ധ്യതയുണ്ടെന്നും മാലിന്യനിക്ഷേപം ഒഴിവാക്കണമെന്നും അഗ്നിരക്ഷാസേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരുമാസത്തിന് മുമ്പും ഇതേയിടത്ത് തീപിടുത്തമുണ്ടായിരുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മണിയൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ സുനിത് കുമാർ, അനീഷ് പ്ലാസിഡ്, പ്രദീഷ് കുമാർ, വിപിൻ, മണികണ്ഠൻ, ദിലീപ് കുമാർ, ആർ. അശോക് ചന്ദ്രൻ, ഡ്രൈവർമാരായ അനിമോൻ, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് അഗ്നിരക്ഷാ സേനയിലുണ്ടായിരുന്നത്. ചാമക്കട നിലയിലത്തിലെ സേനയ്ക്ക് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസനും കടപ്പാക്കടയിൽ നിന്നുള്ളവർക്ക് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി.പി. മധുവും നേതൃത്വം നൽകി.