 
കുന്നത്തൂർ: യുക്രെയ്നിൽ നിന്ന് കൊല്ലം കുന്നത്തൂർ സ്വദേശിയായ ശ്രുതി കൃഷ്ണയുടെ മടങ്ങിവരവും കാത്തിരിക്കുകയാണ് കുടുംബം. കുന്നത്തൂർ തുരുത്തിക്കര നിർമ്മാല്യത്തിൽ അരുൺ കുമാറിന്റെയും ബിന്ദുവിന്റെയും മകളായ ശ്രുതി കൃഷ്ണ(18) കർകീവ് നാഷണൽ യൂണിവേഴ്സിറ്റി ഒഫ് റേഡിയോ ഇലക്ട്രോണിക്സിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക് പോഗ്രാം എന്ന കോഴ്സിനാണ് പഠിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ശ്രുതി യുക്രെയിനിലെത്തിയത്. പഠനം ആരംഭിച്ച് മൂന്ന് മാസം തികയുന്നതിന് മുമ്പാണ് യുദ്ധം. കൊല്ലം മേക് വേ എന്ന സ്ഥാപനം വഴിയാണ് ശ്രുതി യുക്രെയ്നിൽ എത്തിയത്. യുദ്ധം രൂക്ഷമായതോടെ ശ്രുതി ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ഹോസ്റ്റലിന്റെ ബങ്കറിലേക്ക് മാറ്റി. സീനിയർ വിദ്യാർത്ഥികളും കോളേജ് അധികൃതരും മേക് വേ ഉടമ ഷജാസും ഭാര്യയും സഹായഹസ്തവുമായി ഒപ്പമുണ്ടെങ്കിലും കുവൈറ്റിൽ ജോലി ചെയ്യുന്ന പിതാവ് അരുൺ കുമാറും മാതാവ് ബിന്ദുവുമടക്കമുള്ള കുടുംബം ആശങ്കയിലായി. അതിനിടെ കർകീവിലും സ്ഥിതി ആശങ്കാജനകമായതോടെ മേക് വേ അധികൃതരുടെ സഹായത്തോടെ ബുധനാഴ്ച ഉച്ചയോടെ റോഡ് മാർഗം കർകീവിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിലെത്തി..വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെ ട്രെയിൻ കയറിയ ശ്രുതി ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ രാത്രിയോടെ ലെവീവിയ എന്ന അതിർത്തി പ്രദേശത്ത് എത്തി. ഇവിടെ നിന്ന് റോഡ് മാർഗം വിമാനത്താവളത്തിലെത്തിയ ശേഷം വ്യോമ മാർഗം പോളണ്ട്,ഹംഗറി തുടങ്ങിയ ഏതെങ്കിലും രാജ്യത്ത് എത്തുമെന്നാണ് വിവരം. ഇവിടെ നിന്ന് ഇന്ത്യ ഏർപ്പെടുത്തിയ വിമാനത്തിൽ ഇന്നോ നാളെയോ നാട്ടിലെത്തും.കുന്നത്തൂർ താലൂക്കിൽ നിന്ന് ഭരണിക്കാവ് സ്വദേശി ദേവിക,ശാസ്താംകോട്ട സ്വദേശി ഷാൻ,ശൂരനാട് സൗരവ് എന്നിവരും ശ്രുതി കൃഷ്ണയ്ക്കൊപ്പം നാട്ടിലെത്തുന്നുണ്ട്.