കൊട്ടാരക്കര: കോട്ടാത്തല പണയിൽ ദേവീക്ഷേത്രത്തിനോട് ചേർന്ന സ്വകാര്യ പുരയിടത്തിൽ തീ പടർന്നു, തെങ്ങുകളും വാഴകളും നശിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പണയിൽ കാരായിക്കോട്ട് വീട്ടിൽ രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലായിരുന്നു തീ പടർന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷമുള്ള മാലിന്യങ്ങൾ കത്തിക്കുന്നതിനിടയിൽ കത്താതെകിടന്നിരുന്ന പടക്കങ്ങൾക്ക് തീ പടരുകയും പൊട്ടിത്തെറിയോടെ സമീപത്തെ കുറ്റിക്കാടുകളിലേക്ക് പടരുകയുമായിരുന്നു. കൊട്ടാരക്കര നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.