 
പുത്തൂർ: സൈറൺ മുഴക്കി പായുന്ന ഫയർഫോഴ്സ് വാഹനം, മുന്നിൽ വഴികാട്ടിയായി പൊതു പ്രവർത്തകയായ ജയ വിജയകുമാർ സ്‌കൂട്ടറിൽ. വഴിയരികിൽ കണ്ട കുട്ടികളോട് കാര്യം തിരക്കിയപ്പോൾ അവരുടെ മറുപടി ഇങ്ങനെ. കാര്യം ഒന്നുമില്ല ചേട്ടാ ഒരു നായ വെള്ളത്തിൽ വീണതാണ്. കുട്ടികൾക്ക് നായ വീണത് നിസാരമാണെങ്കിലും ഫയർഫോഴ്സിനും ജയവിജയകുമാർ എന്ന മൃഗസ്‌നേഹിക്കും അങ്ങനെയല്ല. പവിത്രശ്വരം പഞ്ചായത്തിലെ തെക്കുംചേരി വാർഡിലാണ് നാല് ദിവസമായി കുഴിയിൽ അകപ്പെട്ട നിലയിൽ തെരുവുനായയെ കണ്ടെത്തിയത്. പ്രദേശവാസികളിൽ നിന്ന് വിവരമറിഞ്ഞാണ് ജയവിജയകുമാർ ഫയർഫോഴ്‌സിനെ വിളിച്ചത്. സ്റ്റേഷൻ ഓഫിസർ ഷിജുവിന്റെ നേത്യത്വത്തിൽ ഓഫീസർമാരായ മാത്യൂ രാഹുൽ ,മനിഷ് ,അനീഷ് ,അജിഷ് അജിത്ത് തുടങ്ങിയവരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നായയെ കരയ്‌ക്കെടുത്തത്. തീറ്റ തേടിയുള്ള ഓട്ടത്തിനിടെ നായ കുഴിയിൽ അകപ്പെട്ടതാകാമെന്നാണ് നാട്ടുകാരുടെ നിഗമനം.