 
5.7 കോടിയുടെ പദ്ധതി
കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാഭ്യാസ സമുച്ചയം വരുന്നു. ഏറെനാളത്തെ ദുരിതത്തിന് പരിഹാരമാകും. 5.7 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതിയായത്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലെത്തിയ കെട്ടിടത്തിൽ പരിമിതികളിൽ വീർപ്പുമുട്ടുകയാണ് നിലവിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസ്. തൊട്ടടുത്തുള്ള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രവും(ഡയറ്റ്) ഇതേ ദുരിതങ്ങളിൽത്തന്നെയാണ്. കൊല്ലം- തിരുമംഗലം ദേശീയപാതയോരത്തെ കെട്ടിടങ്ങൾ ഉദ്യോഗസ്ഥർക്ക് നാണക്കേടായി മാറിയിരുന്നു. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നുമുള്ളവർ എത്തിച്ചേരുന്ന വിദ്യാഭ്യാസ ഓഫീസുകൾക്കാണ് ഈ ഗതികേട്.
ആധുനിക സംവിധാനങ്ങളോടെ
പുതിയ വിദ്യാഭ്യാസ സമുച്ചയം നിർമ്മിക്കുന്നതിനാണ് 5.70 കോടിരൂപ അനുവദിച്ചത്. 17,000 ചതുരശ്ര അടി വിസ്തൃതി ഉള്ളതാണ് കെട്ടിട സമുച്ചയം. താഴത്തെ നിലയിൽ സെമിനാർ ഹാൾ, ഓഡിറ്റോറിയം, കോൺഫറൻസ് മുറികൾ, ഓഫീസ് മുറികൾ, റെക്കാഡ് മുറി, വിവിധ സെക്ഷൻ ഓഫീസുകൾ, ലോബി, ടൊയ്ലറ്റുകൾ എന്നിവയും രണ്ടാം നിലയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ വിവിധ റെക്കാഡ് മുറികൾ, ഡയറ്റ് പ്രിൻസിപ്പലിന്റെ മുറി, ഡയറ്റ് ഓഫീസ്, ഭക്ഷണം കഴിക്കുന്നതിനുള്ള ഇടം, ടൊയ്ലറ്റ് എന്നിവയും മൂന്നാം നിലയിൽ ലക്ചറർ ഹാൾ, ലൈബ്രറി, ലാംഗ്വേജ് ലാബ്, ലോബി, ടൊയ്ലറ്റുകൾ എന്നിവയുമാണ് സജ്ജമാക്കുക.
"വിദ്യാഭ്യാസ ഓഫീസുകളുടെ ദുരിതാവസ്ഥകൾക്ക് പരിഹാരമാവുകയാണ്, കെട്ടിട സമുച്ചയ നിർമ്മാണം വളരെവേഗം പൂർത്തിയാക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം വഴി നിർമ്മാണം നടത്തുന്ന ജോലികളുടെ ടെണ്ടർ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി."- കെ.എൻ.ബാലഗോപാൽ, മന്ത്രി