കൊല്ലം: യന്ത്രത്തകരാർ സംഭവിച്ച് കടലിൽ ഒഴുകി നടന്ന ബോട്ടും 22 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് കരയ്‌ക്കെത്തിച്ചു. പെരുമാതുറയിൽ നിന്ന് ബുധനാഴ്ച രാത്രി പത്തോടെ മത്സ്യബന്ധനത്തിന് പോയ അൽഫത്താഫ് ബോട്ടാണ് കരയ്ക്കെത്തിച്ചത്.
ഇന്നലെ രാവിലെ ഏഴരയ്ക്കാണ് ബോട്ട് കടലിൽ അകപ്പെട്ട വവിരം മറൈൻ എൻഫോഴ്‌സ്‌മെന്റിന് ലഭിച്ചത്. തൊട്ടുപിന്നാലെ പട്രോളിംഗ് ബോട്ട് പോയി ബോട്ട് കണ്ടെത്തി. തുടർന്ന് കെട്ടിവലിച്ച് വൈകിട്ട് അഞ്ചോടെ നീണ്ടകര മറൈൻ കോളേജിന് സമീപമുള്ള വാർഫിലെത്തിച്ചു. പെരുമാതുറ സ്വദേശികളായ 14 പേരും മലപ്പുറം സ്വദേശികളായ എട്ടുപേരുമാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഔട്ട്‌ബോഡ് എഞ്ചിൻ പിടിപ്പിച്ച താങ്ങുവലയുമായി മീൻപിടിക്കാൻ പോവുന്ന ബോട്ട് പെരുമാതുറ മാടൻവിള സുഫിയാമൻസിൽ സെയ്ഫിന്റെ ഉടമസ്ഥതയിലുള്ളതാണ്. സെയ്ഫും ബോട്ടിലുണ്ടായിരുുന്നു. താനൂർ സ്വദേശിയായ അഫ്‌സലായിരുന്നു സ്രാങ്ക്. കാരിയർ വള്ളവും കൂടെയുണ്ടായിരുന്നു. രണ്ട് നങ്കൂരമുണ്ടായിരുന്നെങ്കിലും ശക്തമായ കാറ്റും ഒഴുക്കുമായതിനാൽ കൂടുതൽ ദൂരെയ്ക്ക് ബോട്ട് ഒഴുകി.
മയ്യനാട് തീരത്ത് നിന്നും 17 നോട്ടിക്കൽ അകലെ വച്ചാണ് തകരാർ സംഭവിച്ചത്. രക്ഷാ പ്രവർത്തനത്തിന് ബോട്ടെത്തുമ്പോൾ ആദ്യം അകപ്പെട്ട സ്ഥലത്ത് നിന്നും അഞ്ചു നോട്ടിക്കൽ മൈൽകൂടി ദൂരേക്ക് പോയിരുന്നു. വള്ളത്തിലെ തൊഴിലാളികൾ എൻജിൻ നന്നാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തൊട്ടടുത്തുള്ള ബോട്ടുകളെ സഹായത്തിനായി ബന്ധപ്പെട്ടെങ്കിലും കാറ്റ് കാരണം അടുക്കാനായില്ല. പിന്നെ കരയിലെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചാണ് മറൈൻ എൻഫോഴ്‌സ്‌മെന്റിൽ വിവരം അറിയിച്ചത്. 11.35 ഓടെ ഭക്ഷണവുമായി രക്ഷാബോട്ടെത്തി. രാത്രി പോയി രാവിലെ വരുന്ന ബോട്ടായതിനാൽ ഭക്ഷണം കരുതിയിരുന്നില്ല.
ഫിഷറീസ് അസി. ഡയറക്ടർ ജെയിൻ, മറൈൻ എൻഫോഴ്‌സ്‌മെന്റ് സി.ഐ എസ്.എസ്.ബിജു, എസ്.ഐ വിനു എന്നിവരുടെ നിർദ്ദേശ പ്രകാരം ലൈഫ് ഗാർഡ് തോമസ്, ആൽബർട്ട്, കുഞ്ഞുമോൻ ജോൺസൺ എന്നിവരാണ് പട്രോളിംഗ് ബോട്ടിൽ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്.