
കൊല്ലം: പെട്രോൾ പമ്പിൽ നിന്ന് വാങ്ങിയ പെട്രോളിന്റെ അളവിൽ കുറവ് കണ്ടെത്തിയതിനെ തുടർന്ന് പ്രതിഷേധവുമായി നിരവധി പേർ എത്തിയത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. ഇന്നലെ വൈകിട്ട് നാലരയോടെ പള്ളിമുക്കിലെ പെടോൾ പമ്പിന് മുന്നിൽ ഉടലെടുത്ത സംഘർഷാവസ്ഥ രാത്രി വരെ നീണ്ടു.
പെട്രോൾ കുപ്പിയിൽ വാങ്ങിയപ്പോഴാണ് അളവിൽ കുറവ് കണ്ടെത്തിയത്. തുടർന്ന് നിരവധി പേർ പരാതിയുമായെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പൊലീസ് ലീഗൽ മെടോളജി അധികൃതരെ വിവരമറിയിച്ചു. രാത്രി ഏഴരയോടെ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സാന്ദ്ര ജോണിന്റെ നേതൃത്യത്തിലുള്ള സംഘമെത്തി നടത്തിയ പരിശോധനയിൽ പമ്പിൽ പെടോൾ വിതരണം ചെയ്യുന്ന ഒരു കുറ്റിയിൽ നിന്ന് വിതരണം ചെയ്യുന്ന പെട്രോളിൽ അളവ് കുറവ് കണ്ടെത്തി. തുടർന്ന് ഈ കുറ്റിയിൽ നിന്നുള്ള പെട്രോൾ വിതരണം നിർത്തിവയ്പ്പിച്ചു. സംഭവമറിഞ്ഞ് പരാതിയുമായി കൂടുതൽ പേർ സ്ഥലത്ത് തടിച്ചുകൂടിയതോടെ കൊല്ലം എ.സി.പി.യുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ലീഗൽ മെട്രോളജി ഇൻസ്പെക്ട ർമാരായ അലക്സാണ്ടർ, മുരളീധരൻ, അസിസ്റ്റൻറ് ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. രാത്രി വൈകിയും നടപടികൾ നടന്നുവരികയാണ്.