കുന്നിക്കോട് : കോലിഞ്ചിമലയിൽ സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ റീസർവേ ചെയ്ത് അളന്നു തിരിക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകി. പത്തനാപുരം തഹസിൽദാർ ജാസ്മിൻ ജോർജാണ് പുനലൂർ ആർ.ഡി.ഒ ബി.ശശികുമാറിന് റിപ്പോർട്ട് നൽകിയത്.

വിളക്കുടി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളായ റജീന തോമസ്, ആശാ ബിജു, എസ്. ലതിക എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വിളക്കുടി വില്ലേജ് ഓഫീസർ ബോസ് ബെനഡിക്ടാണ് കോലിഞ്ചിമലയിൽ സ്ഥലപരിശോധന നടത്തി പ്രാമിക റിപ്പോർട്ട് തയ്യാറാക്കിയത്. വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിൽ സർക്കാർ ഭൂമിയുടെ അതിരുകളിൽ ജണ്ട കെട്ടി തിരിച്ചിട്ടുണ്ടെന്ന് പറയുന്നു. റിപ്പോർട്ടിൽ സർക്കാർ ഭൂമി കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കിയിട്ടുമില്ല. കൂടാതെ വില്ലേജ് തലത്തിൽ റീസർവേ ശുപാർശ ചെയ്തിട്ടുമില്ലായിരുന്നു.

എന്നാൽ സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ടാണ് തഹസിൽദാർ ആർ.ഡി.ഒ.യ്ക്ക് നൽകിയത്. അതേസമയം രണ്ടേക്കറിലധികം ഭൂമിയേ കാണൂവെന്നാണ് പാറക്വാറി ഉടമകളുടെ വാദം. നിലവിൽ വിളക്കുടി വില്ലേജ് പരിധിയിൽ മുഴുവൻ സ്ഥലത്തും റീസർവേ നടത്താനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്.