mgpark

കൊല്ലം: കൊവിഡ് വ്യാപനം നിയന്ത്രണത്തിലായിട്ടും നാട്ടുകാർക്ക് ഉല്ലാസമേകേണ്ട മഹാത്മാഗാന്ധി പാർക്ക് അടഞ്ഞു തന്നെ. മൂന്ന് വർഷം മുമ്പ് കൊവിഡിന്റെ ആരംഭകാലത്താണ് ബീച്ചിന് സമീപത്തെ എം.ജി പാർക്കിന് താഴുവീണതാണ്. കൊവിഡ് നിയന്ത്രണങ്ങൾ ഏതാണ്ട് പൂർണമായി നീക്കിയിട്ടും ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം തുറന്നുകൊടുത്തിട്ടും പാർക്കിലെ താഴുമാത്രം നീക്കിയില്ല. നൂറുകണക്കിന് ആളുകളാണ് ദിവസേന ബിച്ചിൽ വന്നുപോകുന്നത്. അതിൽ നല്ലൊരു പങ്കും ഇതിനോട് ചേർന്നുളള പാർക്കിലെ സന്ദർശകരുമായിരുന്നു. വർഷങ്ങളായി അടച്ചിട്ടിരുന്ന പാർക്കിൽ ഇപ്പോൾ ഒരാൾ പൊക്കത്തിലാണ് പാഴ്ചെടികൾ വളർന്നുനിൽക്കുന്നത്. കുട്ടികളുടെ കളിയുപകരണങ്ങളിൽ അധികവും തുരുമ്പെടുത്ത് നശിച്ചു.

ഉടക്ക് തന്നെ തടസ്സം

കോർപ്പറേഷനും കരാറുകാരനും തമ്മിലുളള തർക്കമാണ് പാർക്ക് തുറക്കുന്നത് നീണ്ടു പോകാനുള്ള പ്രധാന കാരണം. ക്രിസ്മസ്- പുതുവത്സരത്തോടനുബന്ധിച്ച് ബീച്ചിലെത്തുന്നവർക്കായി പാർക്ക് തുറന്നു കൊടുക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചിരുന്നു. തുറക്കാൻ കത്തും നൽകി. എന്നാൽ,​ കരാറുകാരൻ വഴങ്ങിയില്ല. കാടുപിടിച്ചു കിടക്കുന്നതിനാൽ പാർക്ക് തുറക്കാനാവില്ലെന്നായിരുന്നു കരാറുകാരന്റെ നിലപാട്. തൊഴിലുറപ്പ് പ്രവർത്തകരെ കൊണ്ട് കാടു വെട്ടിത്തെളിച്ച് വൃത്തിയാക്കിയെങ്കിലും പാർക്ക് അടഞ്ഞുതന്നെ കിടന്നു. അപ്പോഴാണ് കൊവിഡിന്റെ മൂന്നാം തരംഗമെത്തിയത്. അതോടെ പാർക്ക് തുറക്കുന്നത് അനിശ്ചിതമായി നീളുകയും ചെയ്തു. പുതിയ കൗൺസിൽ അധികാരത്തിലെത്തി ഒരു വർഷം മുമ്പാണ് പാർക്കിന്റെ നടത്തിപ്പ് പുതിയ ആളിന് കരാർ നൽകിയത്. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം തുറന്നുകൊടുത്തിട്ടും പാർക്കിന്റെ കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ല എന്നതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്ന വിഷയം.

...........................................

അടുത്ത മാസത്തിന് മുമ്പ് പാർക്ക് തുറക്കും. കരാറുകാരനുമായി ധാരണയായിട്ടുണ്ട്. പാർക്ക് വൃത്തിയാക്കി വൈദ്യുതി ലൈൻ, പ്ളമ്പിംഗ് ഉൾപ്പെടെയുള്ള തകരാറുകൾ പരിഹരിച്ചു നൽകും.

എൻ. ടോമി.

വാർഡ് കൗൺസിലർ

...........................................

 മാതൃക : മൈസൂരിലെ വൃന്ദാവൻ ഗാർഡൻ

 ആകർഷണം : പൂന്തോട്ടവും മത്സ്യകന്യകയും മ്യൂസിക് ഫൗണ്ടനും

 സൗകര്യം : നാനൂറോളം പേർക്ക് ഇരിക്കാം