airport

കൊല്ലം: തൊഴിലിനും ഉറ്റബന്ധുക്കളെ സന്ദർശിക്കുന്നതിനുമായി സൗദിയിലേക്കും ഖത്തറിലേക്കമുള്ള യാത്രകൾക്ക് തടസം സൃഷ്ടിച്ച് ബൂസ്റ്റർ ഡോസ്. മുൻനിര പോരാളികളൊഴികെ 60 വയസിൽ താഴെയുള്ളവർക്ക് രാജ്യത്ത് ബൂസ്റ്റർ ഡോസ് അനുവദിച്ചിട്ടില്ലാത്തതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൂറ് കണക്കിന് പേരുടെ സൗദി, ഖത്തർ യാത്ര മുടങ്ങുകയാണ്.

രണ്ടാം ഡോസ് എടുത്ത് എട്ടുമാസം കഴിഞ്ഞവർ ബൂസ്റ്റർ ഡോസ് എടുത്തിട്ടില്ലെങ്കിൽ സൗദിയിൽ അഞ്ച് ദിവസം ക്വാറന്റൈനിൽ കഴിയണം. രണ്ടാം ഡോസ് എടുത്ത് ഒൻപത് മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ ഖത്തറിൽ മൂന്ന് ദിവസം ക്വാറന്റൈനിൽ കഴിയണം. കേരളത്തിലുള്ള വലിയൊരുഭാഗം ആളുകൾ രണ്ടാം ഡോസ് എടുത്ത് ഒൻപത് മാസത്തിലേറെ പിന്നിട്ടവരാണ്. അതുകൊണ്ട് തന്നെ ഖത്തറിലും സൗദിയിലും ക്വാറന്റൈനിൽ കഴിയാതെ നിവൃത്തിയില്ല. ഇതിനുള്ള ചെലവാണ് പലരെയും പ്രതിസന്ധിയിലാക്കുന്നത്.

ടിക്കറ്റ് ചാർജിനൊപ്പം ക്വാറന്റൈനിനുള്ള ചെലവ് കൂടി ഈടാക്കിയാണ് വിമാന ടിക്കറ്റുകൾ നൽകുന്നത്. സൗദിയിൽ ക്വാറന്റൈനിൽ കഴിയാൻ 30000 രൂപ ചെലവാകുമ്പോൾ ഖത്തറിൽ 45000 രൂപയോളം വിമാന ടിക്കറ്റിനൊപ്പം നൽകേണ്ട അവസ്ഥയാണ്.

നിലവിലെ പ്രതിസന്ധികൾ

1. 60 വയസ് പിന്നിട്ടവർക്കും മുൻനിര പോരാളികൾക്കും മാത്രമേ നിലവിൽ കോവിൻ പോർട്ടലിൽ ബൂസ്റ്റർ ഡോസിനായി അപേക്ഷിക്കാൻ കഴിയു

2. ഏതെങ്കിലും തരത്തിൽ രജിസ്റ്റർ ചെയ്ത് വാക്സിനെടുത്താലും സർട്ടിഫിക്കറ്റ് ലഭിക്കില്ല

3. നേരത്തെ വിദേശത്തേക്ക് പോകേണ്ടവർക്ക് രണ്ടാം ഡോസിന് പ്രായപരിധിയിൽ ഇളവ് നൽകിയിരുന്നു

4. ഇത്തരം ഇളവുകളൊന്നും നൽകാൻ സർക്കാർ ഇപ്പോൾ തയ്യാറാകുന്നില്ല

''''

നിലവിൽ 60 വയസ് പിന്നിട്ടവർക്കും മുൻനിര പോരാളികൾക്കും മാത്രമാണ് ബൂസ്റ്റർ ഡോസിന് അനുമതി നൽകിയിട്ടുള്ളത്. വിദേശത്തേക്ക് പോകുന്നവർക്ക് പ്രത്യേക പരിഗണന സംബന്ധിച്ച് ഇതുവരെ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഡി.എം.ഒ