കരുനാഗപ്പള്ളി: കെ.എസ്.ആർടി.സിയുടെ കട്ടപ്പുറത്തായ പഴയ ബസ് ഇനി മിൽമയുടെ ഫുഡ് ട്രക്കാകും. മിൽമ ഉത്പ്പന്നങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന മിൽമ ‘ഫുഡ് ട്രക്ക്' പദ്ധതിക്ക് കൊല്ലം ജില്ലയിൽ തുടക്കമായി. മിൽമ തിരുവനന്തപുരം മേഖല കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഡിപ്പോയിലെ കണ്ടംചെയ്ത ഒരു പഴയ ബസ് രൂപംമാറ്റിക്കഴിഞ്ഞു. കെ.എസ്.ആർ.ടി.സി.ക്ക് നിശ്ചിത തുക ഡെപ്പോസിറ്റും മാസവാടകയും നൽകിയാണ് ഫുഡ് ട്രക്ക് തുടങ്ങുന്നത്. പാല്‍, തൈര്, ഐസ്‌ക്രീം തുടങ്ങി മിൽമയുടെ എല്ലാ ഉത്പ്പന്നങ്ങളും ഇവിടെ ലഭിക്കും. ഉപഭോക്താക്കൾക്ക് ഇരുന്ന് ചായയും ലഘുഭക്ഷണവും കഴിക്കാൻ ഇരിപ്പിടങ്ങളും ബസിനുള്ളിൽ തയ്യാറാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സുനിമോൾ ആദ്യ വിൽപ്പന നിർവ്വഹിച്ചു. മിൽമ തിരുവനന്തപുരം യൂണിയൻ അഡ്മിനിസ് ട്രേറ്റീവ് കമ്മിറ്റി കൺവീനൻ എൻ. ഭാസുരാംഗൻ സ്വാഗതം പറഞ്ഞു.മാനേജിംഗ് ഡയറക്ടർ ഡി. എസ്. കോണ്ട, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ .ആർ. മോഹനൻപിള്ള, വി .എസ്. പത്മകുമാർ എ.ടി.ഒ സി. കെ. രത്നാകരൻ, മിൽമ സീനിയർ മാനേജർ ഡോ .ആർ. കെ. സാമുവേൽ എന്നിവർ പങ്കെടുത്തു.