 
കൊട്ടാരക്കര: മാവടി ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ ഗവ.എൽ.പി സ്കൂൾ നവതിയുടെ നിറവിൽ. നവതി ആഘോഷം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. തീർത്തും ഗ്രാമാന്തരീക്ഷമുള്ള മാവടിയിൽ 1932ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ മുത്തശിവിദ്യാലയം. നിയമസഭാ സാമാജികരുൾപ്പടെ ഉന്നത നിലവാരത്തിലേക്ക് എത്തപ്പെട്ട ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്തതാണ് വിദ്യാലയം.
നാട്ടുകാരുടെ ഹൃദയത്തിൽ
സ്വകാര്യ വിദ്യാലയങ്ങൾ തലയെടുത്തപ്പോഴും നാട്ടുകാർ മാവടി എൽ.പി സ്കൂളിനെ ഹൃദയത്തിലേറ്റി പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങളിലായി 140ൽപരം കുട്ടികളാണ് ഇവിടെ ഇപ്പോൾ പഠിക്കുന്നത്. പഴയ കെട്ടിടങ്ങളിൽ പ്രവർത്തനം വീർപ്പുമുട്ടിയപ്പോൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അടുത്തിടെ 59 ലക്ഷം അനുവദിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. കുട്ടികൾക്കായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും മറ്റ് സൗകര്യങ്ങളും വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരു വർഷത്തെ
ആഘോഷ പരിപാടികൾ
ഏപ്രിൽ ആദ്യവാരത്തിൽ സ്കൂളിന്റെ നവതി ആഘോഷങ്ങൾക്ക് തുടക്കമാകും. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ നടത്തുന്നതിനായി നാട്ടുകാരും പി.ടി.എയും ചേർന്ന് സംഘാടക സമിതിയ്ക്ക് രൂപം നൽകി. രൂപീകരണയോഗം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ആറ്റുവാശേരി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ എ.അജി, മോഹനൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.രതി, പ്രസാദ് യോഹന്നാൻ, മഠത്തിനാപ്പുഴ അജയൻ, ഷീലാകുമാരി, പി.ടി.എ പ്രസിഡന്റ് എസ്.അനിൽകുമാർ, പ്രഥമാദ്ധ്യാപകൻ എൻ.ഉദയകുമാർ എന്നിവർ സംസാരിച്ചു. സഹകരണത്തോ ടെ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനം, കലാ പരിപാടികൾ, കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമുള്ളബോധവത്ക്കരണ ക്ലാസുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പൂർവ വിദ്യാർത്ഥി സംഗമം, മാജിക് ക്ലാസുകൾ, ഗണിത ക്ലാസുകൾ, കുട്ടികളുടെ മത്സരങ്ങൾ, പ്രതിഭാ സംഗമം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുക.