 
കൊല്ലം: ആശ്രാമം മൈതാനം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അഫ്‌സാന പർവീൺ. പ്രദേശത്ത് നിയമവിരുദ്ധ പ്രവർത്തനവും മാലിന്യം വലിച്ചെറിയുന്നതും രൂക്ഷമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ച ശേഷം ചേംബറിൽ നടത്തിയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് പട്രോളിംഗ് ശക്തമാക്കും. മൈതാനത്തിനു ചുറ്റും ബയോ ഫെൻസിംഗ് നിർമ്മിക്കാൻ സോഷ്യൽ ഫോറസ്ട്രി പ്ലാന്‍ തയ്യാറാക്കണം. ഇത് സർക്കാരിന് സമർപ്പിച്ച് തുടർ നടപടികൾ സ്വീകരിക്കും. ശുചിത്വമിഷന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥികൾ, കോർപ്പറേഷൻ തുടങ്ങിയവയെ ഉൾപ്പെടുത്തി അടുത്തമാസം ആദ്യവാരം ക്ലീനിംഗ് ഡ്രൈവ് നടത്തും.സ്വാഭാവിക സൗന്ദര്യവത്കരണം നടത്തുന്നതിന് ഡി.ടി.പി.സി പുതിയ പ്ലാന്‍ തയ്യാറാക്കി സമർപ്പിക്കണമെന്നും അവർ പറഞ്ഞു. എ.ഡി.എം എൻ. സാജിതാബീഗം, ഡി.ടി.പി.സി സെക്രട്ടറി ഡോ. രമ്യ ആർ. കുമാർ, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഐസക്, തഹസിൽദാർ ശശിധരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.