photo
താഴത്തുകുളക്കടയിൽ കൊതുമ്പുവള്ളത്തിലെ സംഭാരം കുടിക്കാൻ മന്ത്രി ജി.ആർ.അനിൽ എത്തിയപ്പോൾ

കൊല്ലം: ആചാരത്തിന്റെ ഭാഗമായി കൊതുമ്പുവള്ളത്തിൽ മോരുംവെള്ളവും കണ്ണിമാങ്ങ അച്ചാറും. രുചിക്കാൻ മന്ത്രിയടക്കം നൂറുകണക്കിനാളുകളെത്തി. മണ്ണടി ഉച്ചബലിയുമായി ബന്ധപ്പെട്ടാണ് താഴത്തുകുളക്കടയിൽ സംഭാരത്തോണി തയ്യാറാക്കിയത്. ഉച്ചബലിയ്ക്ക് കാൽനടയായി പോകുന്ന ഭക്തർക്കുവേണ്ടിയാണ് പതിറ്റാണ്ടുകൾ മുൻപുതന്നെ താഴത്തുകുളക്കട, ആറ്റുവാശേരി ഭാഗങ്ങളിൽ കളത്തട്ടുകളിലായി മോരും വെള്ളം വിതരണം തുടങ്ങിയത്. താഴത്തുകുളക്കടയിൽ ഇപ്പോൾ ഗ്രൗണ്ടിന് സമീപത്തെ ആൽമരച്ചുവട്ടിലേക്ക് മാറ്റുകയായിരുന്നു. കൊതുമ്പുവള്ളം വൃത്തിയാക്കി അതിൽ സംഭാരം നിറച്ചാണ് വിതരണം ചെയ്തത്.

രുചിയേറും കണ്ണിമാങ്ങ അച്ചാറും

നാട്ടുകാരുടെ കൂട്ടായ്മ മുൻകൈയെടുത്ത് നൂറ് ലിറ്റർ പാൽ ഉറയൊഴിച്ച് തൈരുണ്ടാക്കുകയും തൈര് കടഞ്ഞ് മോരാക്കുകയുമായിരുന്നു. വെളുത്തുള്ളിയും ചുവന്നുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ചേർത്തതോടെ സംഭാരത്തിന് രുചിയേറി. കണ്ണിമാങ്ങ അച്ചാറിട്ടത് വേറെയും വച്ചു. പാളത്തോണിവച്ചാണ് സംഭാരം കോരി നൽകുന്നത്. രാവിലെ മുതൽ വഴിയാത്രക്കാരെല്ലാം വള്ളത്തിന്റെ അടുത്തെത്തി സംഭാരം വാങ്ങി കുടിച്ചു. താഴത്തുകുളക്കടയിൽ സി.പി.ഐ സംസ്ഥാന കമ്മിറ്റി ഒരുക്കുന്ന സി.കെ.ചന്ദ്രപ്പൻ സ്മാരക രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ നിർമ്മാണം വിലയിരുത്താനെത്തിയ മന്ത്രി ജി.ആർ.അനിൽ കൊതുമ്പുവള്ളത്തിലെ സംഭാരവിശേഷം അറിഞ്ഞ് അവിടേക്കുമെത്തി. സംഭാരം രണ്ട് ഗ്ളാസ് കുടിച്ച് അച്ചാറും രുചിച്ച് തൃപ്തിയോടെയാണ് മന്ത്രി മടങ്ങിയത്. വൈകിട്ടുവരെ സംഭാര വിതരണം തുടർന്നു.

" മൂന്നര പതിറ്റാണ്ടായി ഞാൻ നേരിട്ട് ഇവിടുത്തെ സംഭാര വിതരണം കാണുന്നുമുണ്ട്, കുടിക്കാറുമുണ്ട്. മണ്ണടി ഉച്ചബലിയെന്ന് കേൾക്കുമ്പോൾത്തന്നെ മോരുംവെള്ളത്തിന്റെ കാര്യമാണ് ഓർമ്മ വരുന്നത്. ആറ്റുവാശേരിയിൽ നിന്നാണ് വള്ളം കൊണ്ടുവരുന്നത്. ജാതി മതവ്യത്യാസമില്ലാതെ എല്ലാവരും എത്തി ഇവിടെ നിന്നും സംഭാരം കുടിക്കാറുണ്ട്." ​ ഉണ്ണി,​ സംഘാടകൻ