കൊട്ടാരക്കര: മഴക്കാലത്ത് എം.സി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പരിഹാരം തേടി ഉദ്യോഗസ്ഥർ, തഹസീൽദാർ പി.ശുഭന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ വാളകം, വയയ്ക്കൽ, നിലമേൽ, അകമൺ ഭാഗങ്ങൾ സന്ദർശിച്ചു. വാളകം ജംഗ്ഷനിലാണ് ഏറ്റവും കൂടുതൽ വെള്ളക്കെട്ട് ഉണ്ടാകുന്നത്. ഇവിടെ പട്ടേരി ഭാഗത്തുനിന്ന് വെള്ളം ഒഴുകിവരുന്ന തോടും ഓടയും വൃത്തിയാക്കും. മാർക്കറ്റിന് മുന്നിലായി ഓട നിർമ്മിക്കാനും പുറകിലൂടെയുള്ള തോടിന്റെ ആഴം കൂട്ടാനും തീരുമാനിച്ചു. ബഥനി സ്കൂളിന് സമീപത്തെ കയ്യേറ്റം ഒഴിപ്പിച്ച് തോടിന് ആഴംകൂട്ടാനാണ് തീരുമാനം. വയയ്ക്കലിൽ സർവീസ് സ്റ്റേഷന് മുന്നിലൂടെയുള്ള കെ.എസ്.ടി.പി ഓടയുടെ വീതിയും ആഴവും കൂട്ടും. അകമൺ ജംഗ്ഷനിൽ സ്വകാര്യഭൂമി ഏറ്റെടുക്കുന്നതോടെ ഓട നിർമ്മിക്കും. കലുങ്ക് വലിയ രീതിയിൽ പണിയുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിക്കും. കലുങ്കിന് കിഴക്കുവശത്തായുള്ള കുളഞ്ഞി തോടിന്റെ ആഴവുംകൂട്ടി വൃത്തിയാക്കും. നിലമേൽ കണ്ണംകോട് ജംഗ്ഷനിൽ നിലവിലുള്ള തോടിന്റെ ആഴവും വീതിയും കൂട്ടി ഇരുകരകളും ഭിത്തികെട്ടി സംരക്ഷിക്കും. റോഡിൽ നിന്നും വെള്ളം മറിയാത്തവിധം ഭിത്തി ഉയരത്തിൽക്കെട്ടാനും സംവിധാനമൊരുക്കും. അടിയന്തിരമായി ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തഹസീൽദാർക്ക് പുറമെ കെ.എസ്.ടി.പി, മൈനർ ഇറിഗേഷൻ, വില്ലേജ് ഓഫീസർമാർ, ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.