കൊല്ലം: അച്ഛനെ ആക്രമിക്കുന്നത് തടഞ്ഞ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. കരുനാഗപ്പള്ളി പാവുമ്പാ വടക്ക് ഉടയച്ചം വിളയിൽ നാസിഫാണ് (21) പിടിയിലായത്.

നാലുവിള ജംഗ്ഷനിൽ ചായക്കട നടത്തി വരുന്ന നിസാമുദ്ദീനെ മകനായ നാസിഫ് പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. കടയ്ക്ക് സമീപമുണ്ടായിരുന്ന തഴവ സ്വദേശിയായ നവാസ് ഇത് കണ്ട് തടസം പിടിച്ചു. ഇതിനുശേഷം സുഹൃത്തിന്റെ ബൈക്കിൽ കയറി സ്ഥലത്ത് നിന്നും പോകാൻ ശ്രമിച്ച നവാസിനെ നാസിഫ് ചായക്കടയിൽ നിന്നുെടുത്ത സ്റ്റീൽ ജഗ്ഗ് കൊണ്ട് തലയ്ക്കടിച്ചു. പരിക്കേറ്റ നവാസ് കരുനാഗപ്പള്ളി ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. സംഭവ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട നാസിഫിനെ മണപ്പള്ളി ജംഗ്ഷനിൽ നിന്ന് പൊലീസ് സംഘം പിടികൂടുകയായിരുന്നു.