
ഓടനാവട്ടം: പാലും മുട്ടയും മാംസാഹാരങ്ങളും കഴിക്കാതെ മസിൽ പെരുപ്പിച്ച് മിസ്റ്റർ കൊല്ലം മത്സരത്തിൽ രണ്ടാമനായതിന്റെ സന്തോഷത്തിലാണ് വെളിയം പഞ്ചായത്തിലെ കുടവട്ടൂർ ചെറുകരക്കോണം പട്ടികജാതി കോളനിയിലെ എ.എസ്. അനന്ദു (25).
കൂലിപ്പണിക്കാരായ അർജുനന്റെയും സരസ്വതിയുടെയും ഏക മകനായ അനന്ദു ഇല്ലായ്മകളെ കഠിനപ്രയത്നത്തിലൂടെ തോൽപ്പിച്ചാണ് വിജയപടവുകൾ കയറുന്നത്.
കൊട്ടിയം എസ്.എൻ പോളി ടെക്നിക് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ ഡിപ്ലോമ നേടിയ അനന്ദുവിന് കേരളാ പൊലീസിലെ തണ്ടർ ബോൾട്ടിൽ അംഗമാകണമെന്നതാണ് ആഗ്രഹം.
കോളേജിൽ മോണോആക്ട് മത്സരത്തിൽ ഒന്നാമനായിരുന്നു. കോഴിക്കോട്ട് നടന്ന ഇന്റർ പോളി ടെക്‌നിക് കലോത്സവത്തിൽ നാടകത്തിൽ ബെസ്റ്റ് ആക്ടറുമായിരുന്നു.
മിസ്റ്റർ കേരള, മിസ്റ്റർ ഇന്ത്യ എന്നീ നിലകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഭക്ഷണക്രമം നോക്കാൻ പോക്കറ്റ് അനുവദിക്കുന്നില്ല. ചെലവ് താങ്ങാനാവാത്തതിനാലാണ് മാംസാഹാരം ഒഴിവാക്കിയത്. വീടിന്റെ നിർമ്മാണവും പൂർത്തിയായിട്ടില്ല. സന്മനസുള്ളവർ സഹായിച്ചാൽ അനന്ദുവിന്റെ സ്വപ്നങ്ങൾക്ക് വീണ്ടും മസിൽ പെരുക്കും. ഫോൺ: 8157942405.
""
കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന നാസ്കോ ജിമ്മിലുള്ളവർ രണ്ടായിരം രൂപാ നൽകി രജിസ്ട്രേഷൻ നടത്തിയതിനാലാണ് മിസ്റ്റർ കൊല്ലം മത്സരത്തിൽ പങ്കെടുത്തത്. പൊലീസിൽ ജോലി ലഭിച്ചാൽ മാതാപിതാക്കൾക്ക് മെച്ചപ്പെട്ട ജീവിതം സമ്മാനിക്കാനാകും.
എ.എസ്. അനന്ദു