kandal

 ബഡ്‌ജറ്റിൽ പ്രതീക്ഷയോടെ സാമ്പ്രാണിക്കോടി

കൊല്ലം: വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ സാമ്പ്രാണിക്കോടിയിൽ ഗ്രാമീണ ടൂറിസം സർക്യൂട്ട് വേണമെന്ന ആവശ്യം ശക്തമാകുന്നു. വരുന്ന സംസ്ഥാന ബഡ്‌ജറ്റിൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചാൽ ജില്ലയിലെ ടൂറിസത്തിനും കൂടുതൽ ഉണർവേകും.

ഗ്രാമീണ ടൂറിസത്തിന്റെ ഹോട്ട് സ്പോട്ടായി സാമ്പ്രാണിക്കോടിയെ മാറ്റിയെടുക്കാവുന്ന പദ്ധതികളാണാവശ്യം. പെരിങ്ങാലം, അഷ്ടമുടി, മൺറോത്തുരുത്ത് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടി ബന്ധിപ്പിച്ചാൽ ടൂറിസം രംഗത്ത് വളർച്ചയ്ക്ക് വഴിതെളിക്കും. ബൈപ്പാസിൽ നിന്ന് വേഗത്തിൽ സാമ്പ്രാണിക്കോടിയിൽ എത്താമെന്നതും അനുകൂല ഘടകമാണ്.

ഹൗസ് ബോട്ട് ടെർമിനൽ കൂടി ഒരുക്കിയാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കും. നിലവിൽ ഡി.ടി.പി.സി ഉൾപ്പെടെ 14 സഫാരി ബോട്ടുകളാണ് സർവീസ് നടത്തുന്നത്. കണ്ടൽക്കാടുകളാൽ സമൃദ്ധമായ കായൽ മദ്ധ്യത്തിലെ തുരുത്തിൽ മുട്ടറ്റമാണ് വെള്ളം. കാൽ നനച്ച് നടക്കാമെന്നത് പ്രത്യേകത. നാലേക്കറോളം വരുന്ന തുരുത്തിലെ കണ്ടൽക്കാഴ്ചകളും കക്കയും ചിപ്പിയുമൊക്കെ സഞ്ചാരികൾക്ക് ദിനവും വിരുന്നൊരുക്കും.

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം

1. രാവിലെ 8 മുതൽ വൈകിട്ട് 5വരെ തുരുത്തിലേക്ക് ബോട്ട് സർവീസ്

2. യാത്രാ നിരക്ക് 100 രൂപ

3. ഡി.ടി.പി.സി ഉൾപ്പെടെ 14 ബോട്ട് സർവീസുകൾ

4. തുരുത്തിൽ വിശ്രമകേന്ദ്രം ഒരുക്കണം

5. സാമ്പ്രാണിക്കോടി പാലം നിർമ്മിക്കണം

6. ബൈപ്പാസിൽ നിന്ന് തുരുത്തിലെത്താൻ 12 കിലോമീറ്റർ

7. പാലം വന്നാൽ അരകിലോമീറ്ററായി ചുരുങ്ങും

അവധി ദിനങ്ങളിൽ എത്തുന്നത്: 3500 പേർ

മറ്റ് ദിവസങ്ങളിൽ: 750 - 1000 പേർ

""
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി വളരുകയാണ് സാമ്പ്രാണിക്കോടി. വലിയ സാദ്ധ്യതകളുണ്ട്. ഇതനുസരിച്ചുള്ള പദ്ധതികൾ വേണം.

മെൽവിൻ ഡേവിഡ്, സെക്രട്ടറി

പ്രൈവറ്റ് ബോട്ട് ടൂറിസം എംപ്ലോയീസ് യൂണിയൻ