കുന്നിക്കോട് : ഉദ്ഘാടനത്തിന് മുന്നോടിയായി വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ മന്ദിരത്തിന്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കുന്നു. നാളെ വൈകിട്ട് 3.30ന് കെ.ബി. ഗണേശ് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപ വിനയോഗിച്ചായിരുന്നു ബഹുനില മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. മൂന്ന് വർഷം മുൻപ് തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയത്.
വാർത്ത തുണയായി
കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ മന്ദിരത്തിന്റെ മുൻഭാഗത്തുള്ള മൺതിട്ട നീക്കം ചെയ്ത് തറയോടുകൾ പാകുന്ന ജോലികളാണ് പുരോഗമിക്കുന്നത്. പെയിന്റ് ഇളകിയ ഭാഗങ്ങളിൽ അത് ചുരണ്ടി മാറ്റി പുതിയ പെയിന്റടിച്ചു. അടർന്ന ഭാഗങ്ങളിൽ സിമന്റ് പൂശിയും വൃത്തിയാക്കി. കെട്ടിടവും പരിസരവും വൃത്തിയാക്കുന്ന ജോലികളും നടക്കുന്നുണ്ട്. ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നിരവധി ജോലികൾ ബാക്കി നിൽക്കുകയാണെന്ന് 'കേരളകൗമുദി' വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട അധികൃതർ ഉദ്ഘാടനത്തിന് മുൻപ് എല്ലാം ജോലികളും പൂർത്തീകരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.