പത്തനാപുരം : കൊവിഡ് കാരണം നിറുത്തിവെച്ചിരിക്കുന്ന കാൻസർ നിർണയ ക്യാമ്പുകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു.

കാൻസർ നിർണയ ക്യാമ്പുകൾ നിറുത്തിവെച്ചത് മൂലം താമസിച്ചാണ് രോഗം കണ്ടു പിടിക്കുന്നത്. അത് ചികിത്സ സങ്കീർണമാകുകയും വലിയ രീതിയിലുള്ള സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാക്കുന്നു.

ആർ.സി.സിയുമായി ചേർന്ന് സന്നദ്ധ സംഘടനകൾക്ക് കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നതിനുള്ള സംവിധാനം കൂടുതൽ ശക്തമാക്കുകയും ആർ. സി. സിയിൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിനുള്ള തുകയിൽ കുറവ് വരുത്തുകയും ചെയ്താൽ മാത്രമേ കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ കഴിയുകയുള്ളൂ. എല്ലാ പഞ്ചായത്തിലും കാൻസർ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കാൻ സർക്കാർ സഹായം നൽകണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.