കുന്നോളം ഉയർന്ന് ഇലക്ട്രിക് മാലിന്യം
കൊല്ലം: ലാൽബഹാദൂർ സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിന്റെ വടക്കുഭാഗത്തായി കാടും പടലവും പിടിച്ച പത്തടിയോളം ഉയരത്തിലും അതിലിരട്ടി നീളത്തിലുമുള്ള ഒരു കുന്ന് കാണാം. മണ്ണും കല്ലുമൊക്കെയുള്ള സാധാരണ ഒരു കുന്നാണെന്ന് കരുതിയെങ്കിൽ തെറ്റി, നഗരത്തിൽ ഉപയോഗശൂന്യമായ തെരുവുവിളക്കുകൾ കൂട്ടിയിട്ട് അതൊരു ചെറിയ കുന്നായി മാറിയതാണ്. തെരുവുവിളക്കുകൾ മാറ്റി സ്ഥാപിച്ചപ്പോൾ ഇളക്കിമാറ്റിയവ കൊണ്ടിട്ടതാണെങ്കിലും ഇപ്പോഴത് ആരോഗ്യപ്രശ്‌നങ്ങൾക്കടക്കം കാരണമായേക്കാവുന്ന ഒന്നായി മാറിയിരിക്കുകയാണ്. കൂടുതലും ഇലക്ട്രിക് ടൂബുകളായതിനാൽ അവയ്ക്കുള്ളിലെ ഫോസ്ഫറസ് കോട്ടിംഗിന്റെ പൊടി പ്രദേശമാകെ വ്യാപിച്ചിട്ടുണ്ട്. തൊട്ടടുത്ത് കായിക പരിശീലനത്തിനായി നിരവധിപേരെത്തുന്ന സ്ഥലമെന്നതിന് പുറമേ സ്പോർട്സ് അതോറിട്ടിയുടെ ഹോസ്റ്റലും ഇവിടെയുണ്ട്. 16 വയസിൽ താഴെയുള്ള നൂറോളം കുട്ടികൾ താമസിക്കുന്നതിന് മുൻവശമാണെന്നതും ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
കൂട്ടയിടുന്നത് കരാറുകാർ
തെരുവ് വിളക്ക് പരിപാലത്തിനും അറ്റകുറ്റപ്പണികൾക്കും സ്വകാര്യകരാറുകാരെയാണ് കോർപ്പറേഷൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണിയും പണം വാങ്ങലും മാറ്റിനിർത്തിയാൽ ഇവ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനോ മാലിന്യം നീക്കുന്നതിനോ കരാറുകാർ മിനക്കെടാറില്ല. കോർപ്പറേഷനാകട്ടെ അത്തരം കാര്യങ്ങളിൽ ഇടപെടാൻ അത്ര താത്പര്യവുമില്ല. തെരുവ് വിളക്കുകൾ മാറ്റിസ്ഥാപിക്കുമ്പോൾ പഴയവ കൃത്യമായി സംസ്കരിക്കണമെന്ന് കരാറുണ്ടെങ്കിലും അവ പാലിക്കാൻ കരാറുകാർക്ക് വിമുഖതയാണ്. പഴയ കരാറുകാരൻ നിക്ഷേപിച്ചതും കൂട്ടത്തിലുണ്ടെന്ന തൊടുന്യായം നിരത്താനാണ് അവർക്ക് താത്പര്യം. എന്നാൽ, നിലവിലുള്ളവ സംസ്കരിക്കാനുള്ള നടപടികൾ എന്താണെന്ന് പോലും അവർക്കറിയില്ലെന്നുള്ളതാണ് സത്യം. സാങ്കേതിക പരിജ്ഞാനമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ തുച്ഛമായ കൂലിക്ക് നിറുത്തി ഇരട്ടി ലാഭം കൊയ്യുന്ന രീതിയാണ് കരാറുകാർ തുടരുന്നതെന്നും ആക്ഷേപമുണ്ട്.