jithin-das-photo
ജിതിൻ ദാസ്

ചാത്തന്നൂർ: ഷെല്ലുകൾ വർഷിക്കുന്ന യുക്രെയിൻ യുദ്ധഭൂമിയിൽ നിന്ന് ജിതിൻദാസ്(26) ജീവിതം മുറുകെപ്പിടിച്ചാണ് ഒരുവിധം നാട്ടിലെത്തിയത്. യുദ്ധത്തിന്റെ നിണ വഴികൾ താണ്ടിയെത്തിയ ജിതിൻ ദാസ് ഇപ്പോൾ സ്വന്തം വീട്ടിന്റെയും നാടിന്റെയും ആശ്വാസത്തണലിലാണ്.

യുക്രെയിനിന്റെ തലസ്ഥാനമായ കീവിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ജിതിൻ ദാസ് ജോലി ചെയ്തിരുന്ന ചർക്കാസി ഒബ്ലാസ്റ്റ് കനിവ് നഗരം. അവിടെ ഒരു ചിക്കൻ ഫാമിലായിരുന്നു ജോലി.

2014 മുതൽ റഷ്യ-യുക്രെയിൻ അതിർത്തിയിൽ സംഘർഷാവസ്ഥയായിരുന്നു. എന്നാൽ ഭയക്കാനൊന്നുമില്ലെന്നായിരുന്നു പ്രദേശവാസികൾ പറഞ്ഞിരുന്നത്. എന്നാൽ,​ ഒരു മാസം മുമ്പേ ഇന്ത്യാക്കാർ യുക്രെയിൻ വിടണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം ലഭിച്ചതു മുതൽ നാട്ടിലേയ്ക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലായിരുന്നു ജിതിൻ ദാസ്. എന്നാൽ,​ അപ്പോഴേയ്ക്കും വിമാന ടിക്കറ്റ് ചാർജ്ജ് മൂന്നിരട്ടിയോളം വർദ്ധിപ്പിച്ചിരുന്നു.

ജിതിൻ ദാസ് താമസിച്ചിരുന്നതിന്റെ സമീപകെട്ടിടങ്ങൾ റഷ്യൻ ഷെൽ വർഷത്തിൽ തകർന്ന തോടെ എത്രയും പെട്ടന്ന് നാട്ടിലെത്തിയാൽ മതിയെന്നായി.

കീവിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടിയപ്പോൾ, യുദ്ധം രൂക്ഷമാണെന്നും സ്വന്തം റിസ്കിൽ അതിർത്തിയിൽ എത്താനുമാണ് നിർദ്ദേശം ലഭിച്ചത്. ജിതിൻ ദാസും തമിഴരും പഞ്ചാബികളും പാകിസ്ഥാനികളും നേപ്പാളികളുമടങ്ങുന്ന സംഘം ജീവനും കൈയിലെടുത്താണ് അതിർത്തിയിലേയ്ക്ക് തിരിച്ചത്. ടെയിനിലും ടാക്സിയിലും നടന്നും യുദ്ധഭൂമിയിലൂടെ 600 കിലോമീറ്റർ താണ്ടി പോളണ്ടിലെ അതിർത്തി പ്രദേശമായ ല വീലയിൽ എത്തി. അവിടെ നിന്ന് പോളണ്ട് സർക്കാരിന്റെ ബസിൽ ക്യാമ്പിലേയ്ക്ക്. പോളണ്ടിൽ നിന്ന് ഇന്നലെ പുലർച്ചേ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ജിതിൻ ദാസ്,​ രാവിലെ ചാത്തന്നൂരിലെ വീട്ടിലെത്തി. എംബസിയാണ് പോളണ്ടിലെ താമസസൗകര്യവും ഭക്ഷണവും യാത്രയുമെല്ലാം ഒരുക്കിയതെന്ന് ജിതിൻ ദാസ് നന്ദിയോടെ ഓർക്കുന്നു.

ഇനിയൊരുമടക്കമില്ല...

യുക്രെയിൻ സമ്പന്ന രാജ്യമല്ലെന്നും കാർഷിക രാജ്യമാണെന്നും ജിതിൻ ദാസ് പറയുന്നു.

ഓട്ടോമൊബൈൽ ഡിപ്ലോമക്കാരനായ ജിതിൻ ഒരു സുഹൃത്തിന്റെ സഹായത്താലാണ് യുക്രെയിനിലെത്തിയത്. ഒരു യുക്രെയിൻ ഗ്രീവൽസിന് 2.7 രൂപയാണ് ശരാശരി മൂല്യം. അതിനാൽ സാമ്പത്തികമായി വലിയ നേട്ടമില്ലെന്ന പക്ഷക്കാരനാണ് ജിതിൻ ദാസ്.

ചാത്തന്നൂർ മാമ്പള്ളി കുന്നം തുളസീ മന്ദിരത്തിൽ തുളസീദാസിന്റെയും രേണുക ദാസിന്റെയും മകനാണ് ജിതിൻ ദാസ്. സഹോദരൻ ജിത്തു ദാസ് .യുദ്ധം അവസാനിച്ചാലും യുക്രെയിനിലേക്ക് ഇനി ഇല്ലെന്ന ഉറച്ച നിലപാടിലാണ് ഈ യുവാവ്.