
കൊട്ടിയം: ഹൈടെക്ക് സ്വപ്നങ്ങൾ നൽകി കൊട്ടിയം ജംഗ്ഷനിലെ ചന്ത പൊളിച്ചടുക്കിയിട്ട് വർഷം മൂന്ന് കഴിയുന്നു. നാളിതുവരെ ഒരു നിർമ്മാണ പ്രവർത്തനവും നടത്താത്തതിനാൽ കൊട്ടിയം ചന്തയിലെ കച്ചവടക്കാർ താൽക്കാലിക ഷെഡുകളിൽ നരകിക്കുകയാണ്.
ദിവസേന അഞ്ഞൂറിലേറെ ആളുകൾ എത്തുന്ന ചന്തയിലേക്ക് മൂക്കുപൊത്താതെ കടക്കാനാകില്ല. മത്സ്യവശിഷ്ടങ്ങളും മലിനജലവും ചീഞ്ഞഴുകി കൊതുകും മറ്റ് പ്രാണികളും പെറ്റുപെരുകുകയാണ്. കച്ചവടക്കാർക്ക് സാധനങ്ങൾ നിരത്തി വച്ച് വിൽക്കാൻ പോലും ഇടവും സംവിധാനങ്ങളുമില്ല. കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഇപ്പോഴില്ല. 12 വർഷം മുമ്പ് പഞ്ചായത്ത് ഇവിടെ നിർമ്മിച്ച നാല് ടോയ്ലറ്റുകൾ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. അവിടം ഇപ്പോൾ ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്.
മലിനജലം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളില്ലാത്തിനാൽ മഴ പെയ്താൽ ഇവിടെ മുട്ടൊപ്പം വെള്ളം പൊങ്ങും. മാർക്കറ്റിൽ സ്ഥാപിച്ചിട്ടുള്ള ബയോഗ്യാസ് പ്ളാൻറ് 10 വർഷമായി പ്രവർത്തനക്ഷമമല്ലാതെ കിടപ്പാണ്. പഞ്ചായത്ത് അധികൃതർ ചന്ത ലേലം ചെയ്തു കൊടുക്കുന്നതല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ പോയിട്ട് ശുചീകരണത്തിന് പോലും തയ്യാറാകുന്നില്ല.
കൊട്ടിയം ജംഗ്ഷന്റെ ഹൃദയഭാഗത്ത് ചന്ത സ്ഥിതി ചെയ്യുന്ന സ്ഥലം മത്സ്യം അടക്കം എല്ലാ വിഭവങ്ങളും വിൽക്കാൻ ആധുനിക സൗകര്യങ്ങളുള്ള മൊബിലിറ്റി ഹബ്ബായി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.