
കൊവിഡ് ഇളവിലെ ഉണർവിൽ അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുകയാണ്. അവസരത്തിനൊത്ത് ഉയർന്ന് സ്വകാര്യ മേഖല ലാഭം കൊയ്യുമ്പോഴും ഒന്നിനും വയ്യെന്ന മട്ടിലാണ് ജലഗതാഗത വകുപ്പ്. ഒന്നും തങ്ങളെ ബാധിക്കില്ലെന്ന രീതിയിലാണ് പ്രവർത്തനം. അഷ്ടമുടി കായലിലെ ടൂറിസം സാദ്ധ്യത തേടുന്ന പരമ്പര ഇന്ന് മുതൽ.
.......................................
ഉണർവ് പ്രയോജനപ്പെടുത്തി സ്വകാര്യമേഖല
കൊല്ലം: അഷ്ടമുടിയുടെ അഴക് സ്വകാര്യ മേഖല പ്രയോജനപ്പെടുത്തുമ്പോഴും വെള്ളത്തിൽ മുങ്ങിപ്പൊങ്ങി ജലഗതാഗത വകുപ്പ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഉണർവിൽ വിനോദ സഞ്ചാരികൾ കൂടുതാലായി എത്തുമ്പോഴാണ് വകുപ്പ് മുങ്ങാംകുഴിയിട്ട് ഒളിക്കുന്നത്.
ടൂറിസം വകുപ്പ് കാര്യമായ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും ജലഗതാഗതവകുപ്പ് ഇതൊന്നും അറിഞ്ഞമട്ടില്ല. അഷ്ടമുടി കായലിലെ ടൂറിസം മേഖലകളിലേക്ക് കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്ന് സ്‌പെഷ്യൽ സർവീസുകൾ നടത്തുന്നുണ്ട്. ഇത് മാതൃകയാക്കാൻ പോലും ജലഗതാഗതവകുപ്പിന് കഴിയുന്നില്ല. സാമ്പ്രാണിക്കോടി, മൺറോത്തുരുത്ത് എന്നിവിടങ്ങളിലേക്ക് സമീപ ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്ന് അവധി ദിനങ്ങളിൽ കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസുകൾ നടത്തുന്നുണ്ട്.
എന്നാൽ ഈ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകൾ കൃത്യമായി സർവീസ് നടത്താനോ സഞ്ചാരികൾക്കിടയിൽ അവബോധം സൃഷ്ടിക്കാനോ യാതൊന്നും നടത്തിയിട്ടില്ല. കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്റ്റേഷനിൽ നിന്ന് സാമ്പ്രാണിക്കോടി, പേഴുംതുരുത്ത് എന്നിവിടങ്ങളിലേക്ക് ബോട്ട് സർവീസുകളുണ്ടെന്നും ചെലവ് നാമമാത്രമാണെന്നും ഭൂരിഭാഗം സഞ്ചാരികൾക്കും അറിവില്ലെന്നതാണ് യാഥാർഥ്യം.
രണ്ടരവർഷം കഴിഞ്ഞിട്ടും കണ്ണ് തുറന്നില്ല
1. ബൈപ്പാസ് തുറന്നതോടെ വരുമാനം നിലച്ച വള്ളക്കടവ് - കാവനാട് ട്രിപ്പുകൾ രണ്ടരവർഷം കഴിഞ്ഞിട്ടും ജലഗതാഗതവകുപ്പ് പുനഃക്രമീകരിച്ചില്ല
2. കാവനാട് മുതൽ സാമ്പ്രാണിക്കോടി വരെയായിരുന്ന സർവീസ് കൊല്ലം വരെയാക്കുകയും കൊല്ലം- പ്ലാവറക്കാവ് സർവീസ് സാമ്പ്രാണിക്കോടി വരെ പുനഃക്രമീകരിക്കുകയും ചെയ്‌താൽ ഓരോ മണിക്കൂർ ഇടവിട്ട് കൊല്ലത്ത് നിന്ന് സാമ്പ്രാണിക്കോടിയിലേക്ക് സർവീസ് നടത്താനാകും
3. കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് കായൽ കാഴ്ചകൾ ആസ്വദിക്കാനാവും
4. ഇതിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും
5. നിലവിലുള്ള സൗകര്യങ്ങൾ മാത്രം പ്രയോജനപ്പെടുത്തി യാത്രാബോട്ടുകളുടെ വരുമാനം വർദ്ധിപ്പിക്കാനാകും
പുറത്തിറങ്ങാതെ 'സീ അഷ്ടമുടി"
ജലഗതാഗത വകുപ്പ് ആലപ്പുഴയിൽ ആരംഭിച്ച 'സീ കുട്ടനാട്' സർവീസിന്റെ മാതൃകയിൽ 'സീ അഷ്ടമുടി' എന്ന പേരിൽ ആരംഭിക്കുമെന്ന് പറഞ്ഞ സർവീസും ഇതുവരെ തുടങ്ങാനായിട്ടില്ല. ആലപ്പുഴയിൽ പണി പൂർത്തീകരിച്ചെന്നും ബോട്ട് ഉടനെത്തുമെന്നും പറയാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. കൊല്ലം, കുരീപ്പുഴ, പ്രാക്കുളം, അഷ്ടമുടി, കാഞ്ഞിരകോട്, മൺറോത്തുരുത്ത് എന്നിവിടങ്ങളിലെ പ്രകൃതിഭംഗി ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യമായിരുന്നു സീ അഷ്ടമുടിക്ക് പിന്നിൽ. ആലപ്പുഴയിൽ ആരംഭിച്ച സർവീസ് വിജയകരവുമാണ്.
നിലവിലുള്ള സർവീസുകൾ
1. കാവനാട് - സാമ്പ്രാണിക്കോടി
2. കൊല്ലം- സാമ്പ്രാണിക്കോടി
3. കൊല്ലം- പേഴുംതുരുത്ത്
4. കൊല്ലം- പ്ലാവറക്കാവ്
കാഴ്ചകൾ
കെ.ടി.ഡി.സി വിനോദ സഞ്ചാര കേന്ദ്രം
അഡ്വഞ്ചർ പാർക്ക്
കണ്ടൽ കാടുകൾ
തേവള്ളി കൊട്ടാരം
നേവൽ ക്വാർട്ടേഴ്സ്
തേവള്ളി പാലം
ചീനവലകൾ
വിളക്കമ്മയുടെ പ്രതിമ
അരവിള ബോട്ട് യാർഡ്
കോട്ടയത്ത് കടവ്
കുരീപ്പുഴ ദേവാലയങ്ങൾ
സാമ്പ്രാണിക്കോടി തുരുത്ത്
ചെറിയ ദ്വീപുകൾ
യാത്രാക്കൂലി (കൊല്ലത്ത് നിന്ന്)
സാമ്പ്രാണിക്കോടി ₹ 6 (11 കിലോമീറ്റർ)
പേഴുംതുരുത്ത്: 16 രൂപ (16 കിലോമീറ്റർ)
മറ്റുള്ളവർ: മണിക്കൂറിന് ₹ 700 - 2000 വരെ