photo

കൊല്ലം: മത വിലക്കുകൾക്കുമേൽ ചിലങ്കകെട്ടിയാടിയ വി.പി. മൻസിയ സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്ററായി കഴിഞ്ഞ ദിവസം ചുമതലയേറ്റു.

ക്ഷേത്രകല പഠിച്ചതിന്റെ പേരിൽ അനുഭവിച്ച യാതനകൾക്കു ലഭിച്ച പ്രതിഫലമായാണ് മൻസിയ ഇതിനെ കാണുന്നത്.

കേരള നിയമസഭയുടെ സഭാ ടി.വിയിലെ റിസേർച്ച് അസിസ്റ്റന്റ് ജോലി ഉപേക്ഷിച്ചാണ് പുതിയ സ്ഥാനമേറ്റെടുത്തത്.

മലപ്പുറം വള്ളുവമ്പ്രത്തെ അലവിക്കുട്ടിയുടെയും ആമിനയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മൻസിയ. ചേച്ചി റൂബിയയും കുട്ടിക്കാലത്തേ നൃത്തം പഠിച്ചിരുന്നു. കലോത്സവങ്ങളിൽ ഇരുവരും സമ്മാനങ്ങൾ വാരിക്കൂട്ടിയപ്പോഴാണ് മതത്തിന്റെ വിലക്കുകളെത്തിയത്. പള്ളി കമ്മിറ്റിക്കാരുടെ കല്പന തള്ളിയ വാപ്പയും ഉമ്മയും മക്കളുടെ നൃത്തതാത്പര്യത്തെ ഹൃദയത്തോട് ചേർത്തുവച്ചു. ഊരുവിലക്കുണ്ടായപ്പോഴും തളർന്നില്ല. കാൻസർ ബാധിതയായ ഉമ്മ മരിക്കുമ്പോൾ മൻസിയ ഏഴാം ക്ളാസ് വിദ്യാർത്ഥിയാണ്. അന്ന് ആമിനയുടെ കബറടക്കാൻ മണ്ണ് അനുവദിക്കാതെ പള്ളി കമ്മിറ്റി വിലക്കിയത് കനലായി ഇപ്പോഴും മനസിലുണ്ട്. മഞ്ചേരി എൻ.എസ്.എസ് കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോൾ മൻസിയയായിരുന്നു യൂണിവേഴ്സിറ്റി കലാതിലകം. എം.എ ഭരതനാട്യത്തിൽ മദ്രാസ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്ക് നേടിയാണ് മൻസിയ മധുരമായി പ്രതികാരം ചെയ്തത്.

നൃത്തപഠന കേന്ദ്രം

നൃത്തപഠനത്തിനായി വള്ളുവമ്പ്രത്ത് തന്നെയാണ് ആഗ്നേയ എന്ന വിദ്യാലയം മൻസിയ തുടങ്ങിയത്. എം.ഫില്ലും ഡോക്ടറേറ്റുമെടുത്ത് നൃത്തലോകത്ത് കൂടുതൽ സജീവമായപ്പോഴാണ് വിവാഹം. തൃശൂർ സ്വദേശിയായ സംഗീത കലാകാരൻ ശ്യാം കല്യാണിന്റെ കരംപിടിച്ച് പുതുജീവിതത്തിലേക്ക് കടന്നപ്പോഴാണ് സാംസ്കാരിക വകുപ്പ് പുതിയ ചുമതലയേൽപ്പിച്ചത്.

""

ഫെലോഷിപ്പ് പദ്ധതിയെക്കുറിച്ച് അറിയുക എന്നതാണ് പ്രധാനം. സർക്കാരിന്റെ മികച്ച പദ്ധതികളിലൊന്നാണിത്. മലപ്പുറം ജില്ലയുടെ ചുമതല സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഏറ്റെടുത്തത്.

വി.പി. മൻസിയ