
കൊല്ലം: സർക്കാരിന്റെയും തുറമുഖ വകുപ്പിന്റെയും മാരിടൈം ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും ഉദാസീനതയിൽ കൊല്ലം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊല്ലം - കൊച്ചി ചരക്ക് കപ്പൽ സർവീസ് പൊളിയുന്നു.
കൊല്ലത്ത് കപ്പൽ എത്തിക്കുന്നതിൽ നേരിടുന്ന പ്രശ്നങ്ങൾ രണ്ടുമാസം മുമ്പ് ഇ- മെയിൽ വഴി കൊല്ലം പോർട്ട് അധികൃതർ, തുറമുഖ വകുപ്പ്, മാരിടൈം ബോർഡ് എന്നിവരെ അറിയിച്ചെങ്കിലും ചർച്ചയ്ക്ക് പോലും സന്നദ്ധരാകുന്നില്ലെന്ന് സർവീസ് നടത്തുന്ന സ്വകാര്യ ഷിപ്പിംഗ് ഏജൻസി അധികൃതർ പറയുന്നു.
കൊല്ലം പോർട്ടിൽ നിലവിലുള്ള ടഗിന് കൂടുതൽ കൂലി നൽകേണ്ടി വരുന്നു, വിവിധ സേവനങ്ങൾക്കുള്ള ചാർജിനൊപ്പം ടി.ഡി.എസ് കൂടി ഇടാക്കുന്നു, ഇൻസെന്റീവ് തുക ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടുന്നു തുടങ്ങിയ പരാതികളാണ് ഷിപ്പിംഗ് ഏജൻസി ഉന്നയിക്കുന്നത്.
കൊല്ലം പോർട്ടിൽ നേരത്തെ താരതമ്യേന കുറഞ്ഞ കുതിരശക്തിയുള്ള ചാലിയാർ എന്ന ടഗാണ് ഉണ്ടായിരുന്നത്. പുറം കടലിൽ എത്തുന്ന കപ്പലുകളെ ടഗാണ് തീരത്തേക്ക് അടുപ്പിക്കുന്നത്. ചാലിയാറിന്റെ വാടക 15000 രൂപയിൽ താഴെയായിരുന്നു. എന്നാൽ ഇപ്പോഴുള്ള മലബാർ എന്ന ടഗിന് കപ്പൽ പോർട്ടിൽ അടുപ്പിക്കാനും തിരിച്ച് പുറം കടലിൽ കൊണ്ടുപോകാനുമായി ഒരു ലക്ഷം രൂപയിലധികം വാടക നൽകേണ്ടി വരും. മടക്കച്ചരക്ക് ലഭിക്കാത്തതിനാൽ ഇത്രയധികം തുക തങ്ങൾക്ക് കൊല്ലത്ത് ചെലവാക്കാനാകില്ലെന്നാണ് ഷിപ്പിംഗ് ഏജൻസി പറയുന്നത്.
""
മറ്റ് പോർട്ടുകളിൽ ഈടാക്കുന്ന ടി.ഡി.എസ് കൊല്ലത്ത് മാത്രം ഒഴിവാക്കാനാകില്ല. സർക്കാർ നിശ്ചയിച്ച മലബാർ ടഗിന്റെ വാടക തങ്ങൾക്ക് കുറയ്ക്കാനാകില്ല.
തുറമുഖ വകുപ്പ് അധികൃതർ
""
എമിഗ്രേഷൻ പോയിന്റ് അനുവദിച്ചാലും പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ കപ്പലുകൾ എത്തുന്നതിനെ ബാധിക്കും. മടക്കച്ചരക്ക് ഉറപ്പാക്കി സർവീസ് ലാഭകരമാക്കാൻ തുറമുഖ വകുപ്പിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഇല്ല.
ഷിപ്പിംഗ് ഏജൻസി അധികൃതർ