photo

കൊട്ടാരക്കര: മൈലം അന്തമണിൽ ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. അന്തമൺ കളപ്പിലാ ജംഗ്ഷന് സമീപം അമൃതാലയത്തിൽ അനിൽകുമാറാണ് (42) രണ്ട് ദിവസം മുമ്പ് മരിച്ചത്.

തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മുറിവിൽ നിന്ന് രക്തം വാർന്നൊലിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന അനിൽ കുമാറിനെ രണ്ടുദിവസം കാണാതിരുന്നതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന അമ്മ രാജമ്മ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. റൂറൽ എസ്.പി കെ.ബി.രവി, ഡിവൈ.എസ്.പി ആർ.സുരേഷ് എന്നവരടക്കമുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. പന്ത്രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ല. അനിൽകുമാറുമായി ബന്ധപ്പെട്ട് ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തർക്കമടക്കം അന്വേഷിക്കുന്നുണ്ട്.